ന്യൂഡൽഹി: രാജ്യത്ത് പൈപ്പ് തുറന്നാൽ തീർത്തും കുടിക്കാൻ കൊള്ളാത്ത വെള്ളം മാത്രം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും. ഇന്ത്യയിൽ ഏറ്റവും നല്ല കുടിവെള്ളം പൈപ്പുകളിലൂടെ ലഭിക്കുന്നത് മുംബയിൽ മാത്രമാണെന്നാണ് ഇന്നലെ ഇതുസംബന്ധിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിന്റെ (ബിഐഎസ്) പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാൻ വെളിപ്പെടുത്തിയത്.
രാജ്യത്തെ 21 നഗരങ്ങളിൽനിന്നു ശേഖരിച്ച കുടിവെള്ള സാന്പിളുകളിൽ ഡൽഹിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള നഗരങ്ങളിലെ പൈപ്പ് വെള്ളം കുടിക്കാൻ കൊള്ളാത്തതാണെന്നാണു വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ മുംബൈയിൽനിന്നു ശേഖരിച്ച കുടിവെള്ളത്തിന്റെ സാന്പിൾ മാത്രമാണ് നിലവാരമുള്ളത്.
ചെളിമയമുള്ളതും കട്ടിയേറിയതും ദുർഗന്ധമുള്ളതുമായ വെള്ളത്തിനു പുറമേ ക്ലോറൈഡ്, ഫ്ളോറൈഡ്, ബോറോണ്‍, കോളിഫോം തുടങ്ങി മാരകമായ പദാർഥങ്ങളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യമാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലെ കുടിവെള്ളത്തിൽ കണ്ടെത്തിയത്. പത്തു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ പത്തിലും തിരുവനന്തപുരത്തുനിന്നെടുത്ത കുടിവെള്ളം പരാജയപ്പെട്ടു. ഡൽഹിയിലെ നിന്നുള്ള കുടിവെള്ളം ബിഐഎസിന്റെ പതിനൊന്നു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളിലും പരാജയപ്പെട്ടു.
ഇതു തീർത്തും അപകടരമായ നിലയിൽ കുടിക്കാൻ കൊള്ളാത്തതാണെന്ന് മന്ത്രിതന്നെ വ്യക്തമാക്കി. മുംബൈയിൽനിന്നു ശേഖരിച്ച കുടിവെള്ള സാന്പിൾ ബിഐഎസിന്റെ പത്തു നിബന്ധനകളോട് ചേർന്നുനിൽക്കുന്നവയാണ്. കുടിക്കാൻ കൊള്ളാവുന്ന വെള്ളം കിട്ടുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനം ഹൈദരാബാദിനാണ്.
ചണ്ഡിഗഡ്, തിരുവനന്തപുരം, പാറ്റ്ന, ഭോപ്പാൽ, ഗോഹട്ടി, ബംഗളൂരു, ഗാന്ധിനഗർ, ലക്നോ, ജമ്മു, ജയ്പുർ, ഡെറാഡൂണ്‍, ചെന്നൈ, കോൽക്കത്ത എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച കുടിവെള്ള സാന്പിളുകൾ ഒരു തരത്തിലും കുടിക്കാൻ കൊള്ളാത്തതാണ്.
ഈ സ്ഥലങ്ങളിലെ പൈപ്പ് വെള്ളം കുടിക്കാൻ കഴിയുന്നതാക്കി മാറ്റാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് എന്തു ചെയ്യാൻ കഴിയുമെന്നാരാഞ്ഞ് സംസ്ഥാന സർക്കാരുകൾക്കു കത്തെഴുതിയിട്ടുണ്ടെന്നും രാം വിലാസ് പസ്വാൻ പറഞ്ഞു.
ജനങ്ങൾക്ക് കുടിക്കാൻ കൊള്ളാവുന്ന വെള്ളം ഉറപ്പാക്കണം. രോഗകാരണമാകുന്ന വെള്ളം ഒരു തരത്തിലും വിതരണം ചെയ്യാൻ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
മുംബൈക്കു പുറമേ ഹൈദരാബാദ്, ഭുവനേശ്വർ, റാഞ്ചി, റായ്പുർ, അമരാവതി, ഷിംല തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ കുടിവെള്ളം ഗുണനിലവാരം പുലർത്തുന്നതാണ്.
സെബി മാത്യു