കൊളംബൊ: ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്ലി ശരിക്കും ഒരു എന്റർടെയ്നറാണ്. ആരാധകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കോഹ്ലിക്കു പ്രത്യേക മിടുക്കുണ്ട്. ക്യാപ്റ്റൻസ്ഥാനത്തുനിന്നു മാറിയശേഷം കോഹ്ലി ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നതാണു വാസ്തവം.
മൈതാനത്ത് കോഹ്ലിയുടെ രസകരമായ അംഗവിക്ഷേപങ്ങളും ചൂടൻ രീതികളും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്നു. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരേ കോഹ്ലി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇല്ലായിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ കോഹ്ലി തരംഗമായി.
ബംഗ്ലാദേശ് x ഇന്ത്യ സൂപ്പർ ഫോർ മത്സരഫലം അപ്രസക്തമാണെന്നറിഞ്ഞാണ് ഇരു ടീമും കളത്തിലെത്തിയത്. പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ഇന്ത്യ നേരത്തേ ഫൈനലിൽ ഇടംപിടിച്ചിരുന്നു. ബംഗ്ലാദേശാകട്ടെ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തുമായി.
ഫലം അപ്രസക്തമായ മത്സരമായതിനാൽ വിരാട് കോഹ്ലി അടക്കം അഞ്ചു പേർക്കു വിശ്രമം നൽകിയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റ് വീണതിനു പിന്നാലെ കോഹ്ലി വാട്ടർ ബോയ് ആയി മൈതാനത്തേക്ക് എത്തി.
പ്രത്യേക ശൈലിയിൽ ആളുകളെ ചിരിപ്പിക്കുന്ന തരത്തിലായിരുന്നു കോഹ്ലി ഡ്രിങ്ക്സുമായി മൈതാനത്തേക്ക് ഓടിയെത്തിയത്. കോഹ്ലിയുടെ അംഗവിക്ഷേപങ്ങൾ കണ്ടവർക്കു ചിരിയടക്കാനായില്ല. സോഷ്യൽ മീഡിയയിൽ വാട്ടർ ബോയ് കോഹ്ലിയുടെ ‘ഓട്ടം’ തരംഗമായി.