കോട്ടയം: പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ നാളെ മുതൽ ക്യാന്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് പോയിത്തുടങ്ങും. 442 ക്യാന്പുകളിലായി ഒന്നര ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 39443 കുടുംബങ്ങളാണ് ക്യാന്പുകളിൽ അഭയം തേടിയത്.
കിഴക്കൻ വെള്ളത്തിന്റെ വരവു കുറഞ്ഞെങ്കിലും പടിഞ്ഞാറൻമേഖലയിൽ ദുരിതത്തിനു കുറവ് വന്നിട്ടില്ല. തിരുവാർപ്പ്, കുമരകം, അയ്മനം, വൈക്കം, തലയോലപ്പറന്പ്, വെള്ളൂർ, ടിവി പുരം, ചെന്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ മേഖലയിൽനിന്നു സർവതും ഉപേക്ഷിച്ചു ജനങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക് പലായനം തുടരുന്നു. ഇന്നലെ രാവിലെ മുതലാണ് നേരിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയത്. എന്നാൽ മന്ദഗതിയിലാണ് വെള്ളം കടലിലേക്ക് ഒഴുകി പോകുന്നത്.
ഒറ്റപ്പെട്ടു കിടന്നവരെ ടോറസുകളിലും ടിപ്പറുകളിലും സുരക്ഷിത മേഖലയിലേക്കു മാറ്റുന്നതു ഇന്നലെ വൈകുന്നേരവും തുടരുകയാണ്. വീടുകളിൽ കുടുങ്ങിയവർ ആദ്യം വീടുകൾ ഉപേക്ഷിച്ചു ക്യാന്പുകളിലേക്കു പോകുവാൻ തയാറാകാതിരിക്കുകയും പിന്നീട് വെള്ളം ക്രമാതീതമായി ഉയർന്നതോടെ പുറത്തിറങ്ങാൻ സാധിക്കാതിരുന്നവരുമാണ് ദുരിതത്തിൽപ്പെട്ടത്. ഇവരെയാണ് ഇപ്പോൾ തെരഞ്ഞുപിടിച്ച് ക്യാന്പുകളിലെത്തിക്കുന്നത്. ്