അമ്പലപ്പുഴ: ചൂട് കനത്തതോടെ കുളങ്ങളും തോടുകളും വറ്റുന്നു, കാർഷിക മേഖല പ്രതിസന്ധിയിൽ. മത്സ്യകൃഷി ചെയ്യുന്ന ചെറുകിടകർഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. തോടുകളും കുളങ്ങളും വറ്റിയതോടെ മത്സ്യം ചത്തുപൊങ്ങുകയാണ്. കോഴിവേസ്റ്റുകൾ നൽകി വളർത്തുന്ന മീനുകളാണ് അധികവും ചത്ത് പൊങ്ങുന്നത്.
വെള്ളത്തിൻെറ അളവ് കുറയുന്നതോടെ മറ്റ് ജലാശങ്ങളിൽ നിന്നും വെള്ളം കയറ്റിയാണ് മീനുകളെ സംരക്ഷിച്ചിരുന്നത്. എന്നാൽ തോടുകളിലും മറ്റും വെള്ളം കുറഞ്ഞതോടെയാണ് ഈ മേഖല പ്രതിസന്ധിയിലായത്.
തോടുകൾ വറ്റിയതോടെ നെൽ കർഷകരും ആശങ്കയിലാണ്. തൂമ്പുകളിലൂടെ വെള്ളം കയറാത്തതിനാൽ പല പാടശേഖരങ്ങളിലും മോട്ടോർ ഉപയോഗിച്ചാണ് വെള്ളം കയറ്റുന്നത്. ഇനിയും ചൂട് കടുത്താൽ പലപാടശേഖരങ്ങളിലെയും നെൽച്ചെടികൾ ഉണങ്ങി നശിക്കുമെന്ന അവസ്ഥയിലാണ്. കര കൃഷികളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
കിണറുകളും കുളങ്ങളും പലയിടങ്ങളിലും വറ്റിവരണ്ടു. വാഴ, പയർ, പാവൽ, ചീര, കപ്പ തുടങ്ങിയവയാണ് കരകൃഷികളിൽ അധികവും. കുളങ്ങളും കിണറുകളെയുമാണ് ആശ്രയിച്ചിരുന്നത്.
നിലവിൽ പലയിടങ്ങളിലും കുഴൽകിണറുകളെയാണ് ആശ്രയിക്കുന്നത്. ചൂട് കൂടിയാൽ കുഴൽകിണറുകളിലെ വെള്ളവും വറ്റുമെന്ന അവസ്ഥയിലാണ്.