കൊച്ചി: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ആദ്യബോട്ട് 2019 ഏപ്രിൽ 14 വിഷുദിനത്തിൽ നീറ്റിലിറങ്ങുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. ബോട്ട് നിർമാണവുമായി ബന്ധപ്പെട്ടു ഡിസംബർ 31നകം ആഗോള ടെൻഡർ വിളിക്കും. 38 ജെട്ടികളും 76 ബോട്ടുകളുമാണു വാട്ടർ മെട്രോയുടെ ഭാഗമാവുക.
78 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളുണ്ടാകും. ആദ്യഘട്ടത്തിൽ സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെടുത്തി മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി-എറണാകുളം റൂട്ടായിരിക്കും യാഥാർഥ്യമാവുകയെന്നു മുഹമ്മദ് ഹനീഷ് പറഞ്ഞു. ജർമൻ വികസന ഏജൻസിയായ കെഎഫ്ഡബ്ല്യുവാണ് പദ്ധതിക്കാവശ്യമായ 585 കോടി രൂപ ധനസഹായം നൽകുന്നത്. ബോട്ടു ജെട്ടികളുടെ നിർമാണം ഭൂമി കിട്ടുന്ന മുറയ്ക്ക് ആരംഭിക്കും. ഭൂമി കൈമാറുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫോർട്ടുകൊച്ചി, വൈറ്റില ജെട്ടികളുടെ രൂപരേഖ ആർകിടെക്റ്റുമാരുടെ മത്സരത്തിലൂടെ തീരുമാനിച്ചുകഴിഞ്ഞു. മെട്രോ സിറ്റി, മെട്രോ വില്ലേജ് എന്നീ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനും വലിയ പ്രധാന്യം നൽകുന്നുണ്ട്. കാക്കനാട്ടേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളായാൽ മാത്രമെ അതിലേക്ക് എത്താൻ കഴിയുവെന്നും മുഹമ്മദ് ഹനീഷ് വൃക്തമാക്കി.
കെഎഫ്ഡബ്ല്യു പ്രതിനിധികൾ ഇന്നലെ കെഎംആർഎൽ ആസ്ഥാനത്ത് എത്തി എംഡി അടക്കമുള്ളവരുമായി ചർച്ചകൾ നടത്തി. വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പാത ഇവർ സന്ദർശിച്ചു. സീനിയർ പോളിസി ഓഫീസർ ലിസ്ബെത്ത് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കെഎഫ്ഡബ്ല്യു കണ്ട്രി ഡയറക്ടർ ഡോ. ക്രിസ്റ്റഫർ കെസ്ലർ, സെക്ടർ സ്പെഷ്യലിസ്റ്റ് സ്വാതി ഖന്ന എന്നിവരും ഉണ്ടായിരുന്നു.
സ്മാർട്ട് സിറ്റി പദ്ധതിയുമായി സഹകരിക്കുന്ന ജർമൻ സഹകരണ ഏജൻസിയുടെ (ജിഐഇസഡ്) പ്രതിനിധികളും ചർച്ചയിൽ പങ്കുകൊണ്ടു. നഗരഗതാഗതവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും ശൗചാലയങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികളിലും ജിഐഇസഡ് ഭാഗഭാക്കാകുന്നുണ്ട്.