കൊണ്ടോട്ടി: കൊടും വേനലില്‍ വറ്റിത്തുടങ്ങിയ കിണറുകളില്‍ പെട്ടെന്ന് ജലനിരപ്പുയരുന്നതും കുളങ്ങള്‍ നിറഞ്ഞു കവിയുന്നതും ജനങ്ങളില്‍ ആശ്ചര്യവും ആശങ്കയും ഉണര്‍ത്തുന്നു. ചെറുകാവ് പഞ്ചായത്തിലാണ് സംഭവം. ഒറ്റ ദിവസം കൊണ്ട് ഒരു മീറ്റര്‍ വരെയാണ് കിണറുകളില്‍ ജലനിരപ്പുയര്‍ന്നത്. കൊടും വേനലില്‍ വറ്റി തുടങ്ങിയ ഏകദേശം പത്തു കിണറുകളിലാണ് പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്. വെള്ളം വറ്റിയതിനാല്‍ ഈ കിണറുകള്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. യാതൊരു ദുര്‍ഗന്ധമോ നിറവ്യത്യാസമോ വെള്ളത്തിനില്ല. ആളുകള്‍ ഇത് ഉപയോഗിക്കാനും തുടങ്ങി.
രണ്ടുമാസമായി കുളത്തില്‍ കുറച്ച് വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വരണ്ടുകിടന്ന തൊട്ടടുത്ത വാഴത്തോട്ടത്തിലും ഉറവ പൊട്ടിയിട്ടുണ്ട്. വെള്ളംനിറയുന്ന കിണറുകളും കുളവും കാണാന്‍ ഒട്ടേറെപ്പേരാണെത്തുന്നത്. ശനിയാഴ്ച രാവിലെയാണ് കിണറുകളിലെ മാറ്റം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ ദിവസംകൊണ്ട് ഒരു മീറ്റര്‍വരെ ഉയരത്തില്‍ കിണറുകളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വെള്ളത്തിന് ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഒന്നുമില്ലാത്തതിനാല്‍ ആളുകള്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.
കൂടുതല്‍ അതിശയിപ്പിച്ചത് അടുത്തടുത്ത വീടുകളിലെ കിണറുകളില്‍ ചിലതില്‍ മാത്രമാണ് ജല നിരപ്പ് ഉയര്‍ന്നു കണ്ടത്. കുറച്ചു ദൂരെയായുള്ള ഒരു വീട്ടിലെ കിണറ്റിലെ വെള്ളം പൂര്‍ണ്ണമായി വറ്റുകയും ചെയ്തു. കിണറുകള്‍ക്കടുത്തായി വറ്റി തുടങ്ങിയിരുന്ന ഒരു കുളം നിറഞ്ഞു കവിയുന്ന കാഴ്ചയാണ് ഏവരെയും അതിശയിപ്പിക്കുന്നത്. പ്രദേശ വാസികള്‍ ജല വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ സി ഡബ്‌ള്യൂ ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ ഇവിടെയെത്തി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.