കോട്ടയം: ലക്ഷങ്ങൾ മുടക്കി നിർമിച്ച കോടിമത വാട്ടർപാർക്കിലെ ഉപകരണങ്ങൾ നശിച്ച നിലയിൽ. കൊടൂരാറിൽ പോളവന്നു നിറഞ്ഞതോടെയാണ് വാട്ടർപാർക്കിലെ ഉപകരണങ്ങൾ നശിച്ചു തുടങ്ങിയത്. സാഹസിക ജലവിനോദ ഉപകരണങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ഓണത്തിനു വാട്ടർപാർക്ക് പാർക്ക് തുറന്നത്.
നഗരവാസികൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാനും കുട്ടികൾക്കു വിനോദവുമൊരുക്കാനും ലക്ഷ്യമിട്ട് തുറന്ന പാർക്കാണ് പോളശല്യത്തെ തുടർന്ന് നശിക്കുന്നത്. പോളവാരലുമായി ബന്ധപ്പെട്ട് നഗരസഭയും ഇറിഗേഷൻ ഡിപ്പാർട്ടുമെന്റും തമ്മിൽ നടക്കുന്ന വാക്കുതർക്കം മൂലമാണ് കോടിമതവാട്ടർപാർക്കിന്റെ പ്രവർത്തനങ്ങൾ നിലച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ 40 ലക്ഷം രൂപയുടെ പോളവാരൽ മെഷീൻ വാങ്ങാൻ അനുമതിതേടിയെങ്കിലും ആ പദ്ധതിയുടെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വെള്ളത്തിലുള്ള വിവിധ വിനോദോപാധികൾക്കായി 12 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കോടതിമത വാട്ടർ പാർക്കിൽ ഒരുക്കിയത്.
ഒരേസമയം നാലുപേർക്ക് ഉപയോഗിക്കാവുന്ന ന്ധകനേഡിയൻ കനോയ്’, എട്ടുപേർക്ക് ഉപയോഗിക്കാവുന്ന ന്ധബനാനാ റൈഡ്’ വാട്ടർ സൈക്കിൾ, പെഡൽ ബോട്ടുകൾ, വള്ളം എന്നിവയാണു പാർക്കിൽ ക്രമീകരിച്ചിരുന്നത്. ഇതിനുപുറമേ, വാട്ടർ സോർബിംഗ്, പെഡൽ ബോട്ട് തുടങ്ങിയവയുമുണ്ടായിരുന്നു. എന്നാൽ ഈ ബോട്ടുകളെല്ലാം കൊടൂരാറ്റിൽ പോളകയറിയതോടെ നശിക്കുകയാണ്.
കോടിമതയിലെ ബോട്ടുജെട്ടിയിൽനിന്നു ബോട്ടിൽ വേന്പനാട്ടു കായലിൽ എത്തി സൂര്യാസ്തമയം കണ്ടു തിരികെയെത്തുന്ന രീതിലുള്ള പദ്ധതിയും വാട്ടർ പാർക്കിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ തയാറാക്കിയിരുന്നു.