മാന്നാർ: നാലുവശവും വെള്ളത്താൽചുറ്റപ്പെട്ട പരുമല ദ്വീപിന് ജല സമൃദ്ധിയുടെ നാളുകൾ നഷ്ടപ്പെട്ടു. ഒരിക്കലും വറ്റാത്ത കിണറുകളും നദികളും കുളങ്ങും നിറഞ്ഞ ഈ ഗ്രാമത്തിന് ഇന്നു കുടിവെള്ളം കിട്ടാക്കനി. പരുമലയുടെ സമീപപ്രദേശങ്ങളിലേക്കു ആയിരകണക്കിന് ലിറ്റർ വെള്ളമാണ് ദിനംപ്രതി ടാങ്കറുകളിലും മറ്റുമായി ഇവിടെ നിന്നും വേനൽ കാലത്ത് കൊണ്ടുപോയിരുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിലേക്കുള്ള ശുദ്ധ ജലം ഇവിടെ നിന്നാണ് പന്പ് ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ തന്നെ ജലം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും പരുമല നിവാസികാൾക്ക് ജലം ഇല്ലാത്ത അവസ്ഥയാണ്. ഭൂരിപക്ഷം കിണറുകളും വറ്റി വരണ്ടുകഴിഞ്ഞു. പരുമലയ്ക്ക് ചുറ്റുമുളള നദികളിലിൽ നീരൊഴുക്ക് ഇല്ലാതായി ജലം മലിനമായി മാറിയത് വെള്ളം ഇല്ലാതാകാനമുള്ള കാരണങ്ങളിൽ ഒന്നാണ്.
കൂടാതെ കൃഷിയിടങ്ങളിൽ ഭൂരിപക്ഷവും നികത്തി ജല സ്രോതസ് ഇല്ലാതാക്കി. നദിയിൽ ജലം കൂടുതലുള്ള ഭാഗത്തു നിന്നും ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി വെള്ളം പന്പ് ചെയ്യുന്നത് പരുമലയോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് നിന്നാണ്.
ഇവിടേക്ക് സ്ഥിരമായി വെള്ളം ലഭിക്കുന്നതിനായി ഇവിടെ തടയിണ കൂടി കെട്ടുന്നതോടെ താഴ് ഭാഗത്തെ നദിയിലേക്കുളള ഒഴുക്ക് പൂർണമായും വേനൽകാലത്ത് ഇല്ലാതാകും.
ഇതോടെ കുളിക്കാനും തുണികൾ കഴുകാനും നദിയെ ആശ്രയിച്ചിരുന്നവർക്കു കഴിയാതെ വരും. കൂടാതെ പരുമലയിലെ കുടിവെള്ള ക്ഷാമം ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ രൂക്ഷമാകും. പരുമലയ്ക്ക് ജല സമൃദ്ധിയുടെ നാളുകൾ എന്നേക്കുമായി നഷ്ടമാകും. ഇത് തിരികെ ലഭിക്കുവാൻ നദികളും കുളങ്ങളും വയലുകളും സംരക്ഷിക്കാൻ വേണ്ട നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.