നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടിവെള്ള പൈപ്പുകൾക്ക് യാതൊരു ക്ഷാമവുമില്ല. ദേശീയപാതയിലും സമീപ പ്രദേശങ്ങളിലെ പാതയോരത്തും കൂറ്റൻ കുഴലുകൾ തന്നെ നിരത്തിയിട്ടുണ്ട്. പലതിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നത് മറ്റൊരു യാഥാർഥ്യം.
ഈ കുഴലുകൾ മറ്റു പല ആവശ്യങ്ങൾക്കുമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പതിപ്പിക്കുന്നതാണ് ഒരു കാഴ്ച. ഒന്നിനു മുകളിൽ ഒന്നായും നിരനിരയായുമൊക്കെ അടുക്കിയിട്ടുള്ള കുഴലുകൾക്ക് അരികിലേയ്ക്ക് മാലിന്യക്കിറ്റുകളും ചപ്പുചവറുകളും വലിച്ചെറിയുന്നതും സ്ഥിരമാണ്. കുടിവെള്ള പൈപ്പുകൾ യഥേഷ്ടമുണ്ടെങ്കിലും നെയ്യാറ്റിൻകരയിൽ കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുകയാണ്.
ആഴ്ചയിലൊരിക്കലെങ്കിലും പൈപ്പിൽ വെള്ളം വന്നാൽ അതിശയമെന്നാണ് പലയിടത്തും തദ്ദേശവാസികൾ പറയുന്നത്. കുടിവെള്ള വിതരണത്തിലെ അപാകതയെച്ചൊല്ലി വാട്ടർ അഥോറിറ്റി അധികൃതർക്കെതിരെ കടുത്ത പ്രതിഷേധം താലൂക്കിൽ ഉയരുന്നു. ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾ വരെ അരങ്ങേറിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ആരോപണമുണ്ട്.