കൊല്ലം: രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കുടിവെള്ള വിതരണ മെഷീനുകൾ (വാട്ടർ വെൻഡിംഗ് മെഷീനുകൾ) സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന് പദ്ധതി. യാത്രക്കാർക്ക് സുരക്ഷിത കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഈ വെള്ളം വില്പന യന്ത്രങ്ങൾ ഘട്ടം ഘട്ടമായി മുൻഗണനാക്രമം അനുസരിച്ചായിരിക്കും സ്ഥാപിക്കുക.
പ്രതിദിന യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും മെഷീനുകൾ സ്ഥാപിക്കേണ്ട സ്റ്റേഷനുകളുടെ മുൻഗണന നിശ്ചയിക്കുക.നിലവിൽ രാജ്യത്തെ 685 റെയിൽവേ സ്റ്റേഷനുകളിലായി 1962 വെള്ളം വില്പന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും ഒന്നിലധികം മെഷീനുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡിന്റെ അടച്ചുപൂട്ടൽ വേളയിൽ ചില പ്രധാന സ്റ്റേഷനുകളിൽ അടക്കം മെഷീനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. ഇവ അടിയന്തരമായി പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.മെഷീനുകളിലെ കോയിൻ ബോക്സിൽ നിശ്ചിത തുകയ്ക്ക് നാണയം നിക്ഷേപിക്കണം. ഇതനുസരിച്ചായിരിക്കും കുടിവെള്ളം കുപ്പികളിൽ പകർന്ന് നൽകുക. അഞ്ച് രൂപയ്ക്ക് അര ലിറ്ററും പത്ത് രൂപയ്ക്ക് ഒരു ലിറ്ററും വെള്ളം ലഭിക്കും.
ഓട്ടോമാറ്റിക് സംവിധാനത്തിലാണ് ഇതിന്റെ പ്രവർത്തനം. മെഷീനുകൾ വഴി വിൽക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ മെഷീനുകളിൽ പതിവ് പരിശോധനകളും അറ്റകുറ്റപ്പണികളും നടത്താനും റെയിൽവേ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചാൽ അവ ഉടൻ പരിഗണിച്ച് പരിഹാരം കാണണമെന്നും നിർദേശത്തിൽ പറയുന്നു. അതേ സമയം സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും റെയിൽവേയുടെ സ്വന്തം ബ്രാൻഡായ “റെയിൽ നീർ ‘ എന്ന കുപ്പിവെള്ളം വില്പന നടത്തുന്നുണ്ട്. ഒരു ലിറ്റർ ബോട്ടിലിന് 15 രൂപയാണ് വില.
ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ പാക്കേജ്ഡ് പ്ലാസ്റ്റിക് ബോട്ടിലുകളാണ് വെള്ളം വില്പനയ്ക്കായി റെയിൽവേ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് 13 ലക്ഷം ലിറ്റർ റെയിൽ നീരാണ് സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലുമായി പ്രതിദിനം വില്പന നടത്തുന്നത്.
സ്വകാര്യ ബ്രാൻഡുകളെ അപേക്ഷിച്ച് വില അല്പം കുറവായതിനാൽ റെയിൽ നീരിന് ആവശ്യക്കാർ ഏറെയാണ്. പ്ലാറ്റ്ഫോമിന് പുറത്ത് സ്റ്റേഷൻ പരിസരത്തുള്ള സ്റ്റാളുകളിലും ഇവ ലഭ്യമാണ്.
- എസ്.ആർ. സുധീർ കുമാർ