സൂപ്പർ ക്ലോറിനേഷൻ എങ്ങനെ?
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ്
ഉത്തമം.
അരുചി മാറാൻ എന്തൊക്കെ ചെയ്യാം?
ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .
ശുചിത്വം പാലിക്കാം
തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
കലക്ക് മാറ്റാൻ ആലം നല്ലതല്ല
കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത്. കലക്ക് മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ ആലം പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
കലങ്ങിയ വെള്ളം തെളിക്കാൻ
കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഉൗറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, (വെള്ളപ്പൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടണ് തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപ്പിന്റെ അറ്റത്ത് പഞ്ഞിയോ (cotton) തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ മാർക്കറ്റിൽ നിന്നു കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം