കളമശേരി: കളമശേരി നഗരസഭയിൽ മഞ്ഞപ്പിത്തം ഭൂരിഭാഗം പേർക്കും പിടികൂടിയത് ഭക്ഷണശാലകളിലെ കുടിവെള്ളത്തിൽ നിന്നാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഗുണമേന്മ പരിശോധന ആരോഗ്യ വിഭാഗം നിർബന്ധമാക്കി. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ അക്രഡിറ്റേഷൻ ഉള്ള ലാബുകളിൽ ഭക്ഷണശാലകളിലെ കുടിവെള്ളം പരിശോധിച്ച് ഫലം അറിയിക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇന്നലെ 22 സ്ഥാപനങ്ങൾ വൈകിട്ടോടെ പരിശോധനാ ഫലം നഗരസഭയിൽ ഹാജരാക്കി. നഗരസഭയിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ഡ്രിക്സ് എന്നിങ്ങനെയായി 220 ലെെസൻസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇവർ ഉപയോഗിക്കുന്ന കുടിവെള്ളം നേരിട്ട് പൈപ്പു വഴിയോ കിണറ്റിൽ നിന്നോ ടാങ്കർ ലോറിയിൽ നിന്നോ ലഭിക്കുന്ന താണ്. അവയുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം ചെയ്യുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി ആർ പ്രസാദ് പറഞ്ഞു.
ആദ്യഘട്ടം സ്വന്തമായി പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മഞ്ഞപ്പിത്തം പിടിച്ചവർ കഴിച്ചുവെന്ന് പറയുന്ന ഭക്ഷണശാലകളിലെ കുടിവെള്ളത്തിന്റെ സാമ്പിൾ നേരിട്ടെടുത്ത് മരടിലുള്ള വാട്ടർ അഥോറിറ്റിയുടെ ലാബിൽ നൽകാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കളമശേരിയിലെ മൂന്ന് ഭക്ഷണശാലകൾ ഫുഡ് സേഫ്റ്റി സ്ക്വാഡ് പരിശോധനയെ തുടർന്ന് അടപ്പിച്ചു.
ഹോട്ടലുകളിൽ മാത്രമല്ല കമ്പനികളിലേയും വ്യവസായ മേഖലകളിലെയും സ്റ്റാഫ് കാന്റീനുകളിലും നിർബന്ധ പരിശോധന ഇന്നു മുതൽ നഗരസഭ ആരോഗ്യ വിഭാഗം ആരംഭിക്കും. ഭക്ഷണം പുറമേയ്ക്ക് വിൽക്കുന്നില്ലെങ്കിലും കുടിവെള്ളം മതിയായ രീതിയിൽ ശുദ്ധീകരിക്കപ്പെടുന്നില്ലെന്നാണ് സൂചന. മഞ്ഞപ്പിത്തം കണ്ടെത്തിയ എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, ന്യുവാൽസ്, കുസാറ്റ് ഹോസ്റ്റൽ കാന്റീനുകളും പരിശോധിക്കും.
കളമശേരി നഗരസഭയിൽ 40 ശതമാനം ജനങ്ങളും ടാങ്കർ ലോറിയിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നതെന്നാണ് ആരോഗ്യ വിഭാഗത്തിൻെറ കണക്ക്. അതിനാൽ എല്ലാ കുടിവെള്ള ടാങ്കറുകളും പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാസമിതിയുടെ സ്ക്വാഡ് തീരുമാനിച്ചിട്ടുണ്ട്. വാട്ടർ അഥോറിറ്റിയിൽ നിന്ന് ശേഖരിച്ച വെള്ളമാണെന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുന്നതിനാൽ അത്തരം ടാങ്കറുകളിൽ നിന്നും സാമ്പിൾ എടുക്കാനും തീരുമാനമായിട്ടുണ്ട്.
എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് 21 കേസുകളും ന്യുവാൽസ് ഹോസ്റ്റലിൽ നിന്ന് ഏഴ് കേസുകളുമാണ് മഞ്ഞപ്പിത്തമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഡോക്ടർമാർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരാണ് ഉൾപ്പെടുന്നത്. കളമശേരി നിവാസികളായ 22 പേർക്കും ഇതുവരെ അസുഖം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പുറമെ നിന്നു ഭക്ഷണം കഴിച്ചവരാണെന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യ വിഭാഗം നടപടികൾ കർശനമാക്കിയിരിക്കുന്നത്.
ഇതോടൊപ്പം കിണറുകളിലെ വെള്ളം അണുവിമുക്തമാക്കാൻ വേണ്ട സഹായം നൽകാൻ കളമശേരിയിലെ പ്രാഥമികാരോഗ്യകേന്ദ്രം തയാറായിട്ടുണ്ട്. എച്ച്എംടി ജംഗ്ഷനലിലെ പ്രാഥമികാരോഗ്യകേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടണം. പത്ത് മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളമാണ് മഞ്ഞപ്പിത്തമൊഴിവാക്കാൻ നല്ലതെന്നും തണുത്ത വെള്ളം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.