തൃക്കരിപ്പൂർ: പഞ്ചായത്തിലെ പ്രധാനപ്പെട്ട പത്തു കേന്ദ്രങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന തൃക്കരിപ്പൂർ ടൗണിന്റെ ഹൃദയ ഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണ ടാങ്ക് അപകടാവസ്ഥയിൽ. സംഭരണിയിൽ കുഴപ്പമില്ലെങ്കിലും അത് താങ്ങി നിർത്തുന്ന പ്രധാന തൂണുകൾ രണ്ടെണ്ണം പൊട്ടി വിണ്ടുകീറിയ നിലയിലായിട്ട് മാസങ്ങളായി.
കെട്ടിടത്തിന്റെ കോണ്ക്രീറ്റ് സ്ളാബിന്റെ കന്പി തുരുന്പിച്ച് പുറത്തേക്ക് തള്ളി വന്നിട്ട് വർഷങ്ങളായെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. പന്പ് ഹൗസിന്റെ ചുറ്റുമതിലും ചാഞ്ഞ് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിട്ടുണ്ട്. അഞ്ചു പതിറ്റാണ്ട് മുന്പാണ് കുടിവെള്ള വിതരണത്തിനായി ശുദ്ധജലം ധാരാളമായി ലഭിക്കുന്ന തൃക്കരിപ്പൂർ തിരഞ്ഞെടുത്ത് കിണറും ടാങ്കും പണിതത്.
തൃക്കരിപ്പൂർ പഞ്ചായത്തിന്റെ തെക്ക് ഭാഗത്തെ ഒളവറ, ഉളിയം, തലിച്ചാലം പ്രദേശങ്ങളിലും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ടൗണിലെ ഭാഗങ്ങളിലും ചെറുകാനം, എടാട്ടുമ്മൽ, നടക്കാവ് ഭാഗങ്ങളിലും വിതരണത്തിനായി 30,000 ലിറ്റർ സംഭരിക്കാനുള്ള ടാങ്കാണ് ഇവിടുള്ളത്.
തങ്കയം, ഇളന്പച്ചി, ഒളവറ ഉൾപ്പെടെ പുതുതായി പലേടങ്ങളിലും കുടിവെള്ള വിതരണ പദ്ധതി വന്നെങ്കിലും ഇപ്പോഴും പൊതു ടാപ്പുകൾ ഉൾപ്പെടെ വെള്ളം വിതരണത്തിന് ഈ ടാങ്കിനെയാണ് ആശ്രയിക്കുന്നത്. തൊട്ടടുത്തുള്ള നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയത്തിലെ കുട്ടികൾക്കും തൊട്ടടുത്തുള്ള വ്യാപാരികൾക്കും ഭീഷണി ഉയർത്തുന്ന തരത്തിലായിട്ടുണ്ട് വാട്ടർ ടാങ്ക്.
തൃക്കരിപ്പൂർ കൂലേരി ഗവ. എൽപി സ്കൂളിൽ പഠിക്കുന്ന 130 ഓളം പിഞ്ചു കുഞ്ഞുങ്ങളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂളിൽ നിന്നും വെറും നാല് മീറ്റർ അകലം മാത്രമാണ് വാട്ടർ ടാങ്കിനും പന്പ് ഹൗസിനുമുള്ളത്. അത് കൊണ്ട് തന്നെ 30,000 ലിറ്റർ സംഭരണ ശേഷിയോടെ ഉയർന്നു നിൽക്കുന്ന ടാങ്കിന്റെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരും സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്.