മുക്കം: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിദ്യാർത്ഥികൾക്ക് ഭീഷണിയായി വാട്ടർ ടാങ്ക്. നവംബർ നാലു മുതല്‍ ആറ് വരെ ആനയാം കുന്ന് ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ഈ വർഷത്തെ മുക്കം ഉപജില്ല കലോത്സവം നടക്കുകുന്നത്. ഈ സ്കൂളിന് തൊട്ടു മുകളിലാണ് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിലേക്ക് കുടിവെള്ള മെത്തിക്കുന്ന ടാങ്കാണിത്. കൂറ്റൻ സിമന്റ് ഭീമിന്റെ മുകൾഭാഗത്താണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ടാങ്കും ടാങ്കിനെ താങ്ങി നിർത്തുന്ന കാലുകളും പല ഭാഗത്തും പൊട്ടിയിട്ടുണ്ട്. സിമന്റ് അടർന്ന് പോയി ഇരുമ്പ് കമ്പി പല ഭാഗങ്ങളിലും പുറത്ത് കാണുന്ന അവസ്ഥയാണ്.
സ്കൂളിന് പുറമെ പ്രദേശവാസികൾക്കും ഈടാങ്ക് വലിയ ഭീഷണി തന്നെയാണ്. എന്നാൽ വാട്ടർടാങ്ക് ശോചനീയാവസ്ഥയിലാണെങ്കിലും അപകടാവസ്ഥയിലല്ല എന്നാണ് വാട്ടർ അതോറിറ്റിയുടെ കണ്ടെത്തൽ. 1.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സമീപ പ്രദേശത്തുകാർക്ക് ഭീഷണിയല്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.അപകടാവസ്ഥയിലായ കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കുടിവെള്ള പദ്ധതി പൊളിച്ചു മാറ്റാതെ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനമെന്ന് മന്ത്രിയും പറയുന്നു .
കാരശേരി ഗ്രാമപഞ്ചായത്ത്, മുക്കം, കൊടുവള്ളി നഗരസഭകൾ, മറ്റു സമീപ പഞ്ചായത്തുകൾ എന്നിവയെ ഉൾക്കൊള്ളിച്ച് നിർമിക്കാനുദ്ദേശിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഡിഇആർ തയാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണന്നും ഈ പദ്ധതി യാഥാർഥ്യമായാൽ ആനയാംകുന്ന് കുടിവെള്ള പദ്ധതിയുടെ ആവശ്യം ഇല്ലാതാകുമെന്നും അതിനാൽ വലിയ തുക മുടക്കി ടാങ്ക് പൊളിച്ചു പണിയുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് സർക്കാർ നിലപാട്.
സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി കെ.എസ്.യുവും രംഗത്തെത്തി.ടാങ്കിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയാവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രകടനവും നടത്തി.