അതിരന്പുഴ: വെള്ളം നല്കാമെന്നു പറഞ്ഞ് ടാങ്ക് ഇറക്കിയ പഞ്ചായത്ത് അധികൃതർ എത്രയും വേഗം വെള്ളം നല്കണം. അല്ലെങ്കിൽ ടാങ്ക് എങ്കിലും എടുത്തു മാറ്റണമെന്ന് അതിരന്പുഴ എംജി സർവകലാശാലയ്ക്ക് സമീപമുള്ള നാലു വീട്ടുകാർ ആവശ്യപ്പെടുന്നു. നാലു മാസം മുൻപാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് അതിരന്പുഴ എം ജി യുണിവേഴ്സിറ്റിക്ക് സമീപം കുന്നേൽ കാർത്ത്യായനിയുടെ വീടിനു മുന്നിൽ 3000 ലിറ്ററിന്റെ ടാങ്ക് ഇറക്കിത്.
കാർത്ത്യായനി ഉൾപ്പെടെ നാലു വീട്ടുകാർക്കു വെള്ളം എത്തിക്കാനായിരുന്നു ടാങ്ക്. എന്നാൽ വേനൽക്കാലവും കഴിഞ്ഞു മഴക്കാലം പകുതിയായിട്ടു പോലും ജലം ലഭ്യമാക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വേനൽക്കാലം കടുത്തതോടെയാണ് ഇവരുടെ കിണറ്റിലെ വെള്ളം പൂർണമായും വറ്റിയത്. ഇതോടെയാണ് ഇവർ കുടിവെള്ളം ലഭ്യമാകാൻ നടപടി ഉണ്ടാകണമെന്ന് ഇവരുടെ വാർഡ് മെന്പർ മുഖേന അപേക്ഷ നൽകിയത്. ഇത് പ്രകാരം പഞ്ചായത്ത് ഇവരുടെ വീട്ടിൽ ടാങ്ക് എത്തിച്ചു. പക്ഷേ വെള്ളം മാത്രമില്ല.
അതേ സമയം അടുത്ത 25നകം ടാങ്ക് സ്ഥാപിച്ച് വെള്ളം എത്തിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചത്. 10 ടാങ്കുകളാണ് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത്. 2,70,000 രൂപയാണ് ഈ പദ്ധതിക്ക് ചെലവ്. ഒരു വർഷം വെള്ളം എത്തിക്കാനുള്ള കരാറും നല്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.