തളിപ്പറമ്പ് : ഓരോ തുള്ളി ജലവും അമൂല്യമാണെന്നും നാളേക്കായി അത് കരുതിവെച്ചില്ലെങ്കില്‍ വലിയൊരു ദുരന്തമാണ് നമ്മളെ തേടി എത്തുകയെന്നുമുളള സന്ദേശം നല്‍കികൊണ്ട് പൂമംഗലം സ്വദേശി രയരോത്ത് കുനിയിയില്‍ ഗംഗാധരന് അച്ഛന് ശിവരാമന്റെ നിര്‍ദ്ദേശ പ്രകാരം പത്ത് വര്‍ഷം മൂമ്പേ നിര്‍മ്മിച്ച കൂറ്റന്‍ മഴവെള്ള സംഭരണിക്ക് പ്രസക്തിയേറുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞ് ജലക്ഷാമം രൂക്ഷമാകുമ്പോഴാണ് കാലത്തിനു മുന്നേ നടന്ന അച്ഛനും കാലത്തിനൊപ്പം നടക്കുന്ന മകനും ജലസംരക്ഷണ പ്രവര്‍ത്തനത്തിന് മാതൃകയാകുന്നത്.
മഴ കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ നാട് കടുത്ത ജലക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. എന്നാല്‍ ഗംഗാധരന് ഇക്കാര്യത്തില്‍ ആശങ്ക കുറവാണ്. കാരണം തന്റെ മഴവെളള സംഭരണിയില്‍ മെയ് അവസാനംവരെ ഉപയോഗത്തിനുളള വെളളം ഉണ്ടെന്നണ്ടെന്നാണ് ഗംഗാധരന്റെ മുന്‍കാല അനുഭവം. അച്ഛന് ശിവരാമനാണ് മഴവെളള സംഭരണി നിര്‍മിക്കുന്നതിനെ കുറിച്ച് ആദ്യം പറയുന്നത്.
മുപ്പതു കോല് ആഴത്തിലുളള കിണറും അതില്‍ കുഴല്‍ക്കിണറും കുഴിച്ചിട്ടും വേനല്‍ക്കാലത്ത് ആവശ്യത്തിന് വെളളം തികയാത്ത അവസ്ഥ ആലോചിച്ചപ്പോള്‍ മഴവെളള സംഭരണി നിര്‍മാണത്തെക്കുറിച്ച് ഗംഗാധരന് കൂടുതലൊന്നും ചിന്തിച്ചില്ല.
10 മീറ്റര്‍ നീളത്തിലും, എട്ട് മീറ്റര്‍ വീതിയിലും നാലു മീറ്റര്‍ ആഴത്തിലുമുളള മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതുമായ സംഭരണി നിര്‍മ്മിക്കാന്‍ രണ്ടര ലക്ഷം രൂപയോളം ചെലവായി. പൂര്‍ണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച സംഭരണിയിലേക്ക് വീട്ടിലെ ടെറസില്‍ നിന്നും വീഴുന്ന മഴവെള്ളം പൈപ്പ് വഴിയാണ് ഇവിടെ എത്തിക്കുന്നത്. രണ്ട് ആഴ്ച്ചത്തെ മഴകൊണ്ട വലിയ ടാങ്ക് നിറയും. സമീപത്തു തന്നെ ചെറിയൊരു ടാങ്കും ഉണ്ട്.
ആവശ്യം കഴിഞ്ഞ് അധികം വരുന്ന വെളളം ഇതിലേക്കു മാറ്റും. രണ്ടു ടാങ്കു നിറഞ്ഞതിനു ശേഷം നഷ്ടമാകുന്ന വെളളം ഉപയോഗിച്ച് ഇത്തവണ കിണര്‍ റീചാര്‍ജ്ജിംഗ് ചെയ്യാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ചുരുങ്ങിയത് മൂന്ന വര്‍ഷം കിണര്‍ റീചാര്‍ജ്ജ് ചെയ്യുന്നതിലൂടെ വേനല്‍ക്കാലത്ത് വറ്റാത്ത രീതിയിലേക്കു മാറും എന്ന വിശ്വാസത്തിലാണ് ഗംഗാധരന്.
തന്റെ മൂന്ന് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ നനക്കാനാണ് പ്രധാനമായും സംഭരണിയിലെ വെളളം ഉപയോഗിക്കുന്നത്. ജലസംരക്ഷണത്തിന്റെ പ്രാധാന്യം അറിഞ്ഞ് ഒരോരുത്തരും പ്രവര്‍ത്തിക്കണമെന്നാണ് ഗംഗാധരന് പറയുന്നത്. വലിയ വീടു പണിയണം എന്നതു മാത്രമല്ല വീടിനോടൊപ്പം മഴവെളള സംഭരണി കൂടി പണിയും എന്നതാകട്ടെ ഓരോരുത്തരുടെയും ലക്ഷ്യം എന്നാണ് പുതിയ തലമുറക്ക് ഗംഗാധരന് നല്കുന്ന സന്ദേശം.