റോബ് ഹണ്ട് ആള് നിസാരക്കാരനല്ല! ഫാക്ടറി ജീവനക്കാരനായിരുന്ന ഇദ്ദേഹം വ്യത്യസ്തമായ ആശയങ്ങളാലും പ്രവൃത്തികളാലും തന്റെ സുഹൃത്തുക്കളെ പലകുറി അത്ഭുതപ്പെടുത്തിയിട്ടുണ്ട്!
ഇപ്പോഴിതാ 80 വർഷം പഴക്കമുള്ള വാട്ടർ ടാങ്ക് വിലയ്ക്കു വാങ്ങി ആഡംബര വീടാക്കി മാറ്റിയിരിക്കുകയാണ് ഹണ്ട്. 1940ൽ പണികഴിപ്പിച്ച വാട്ടർ ടാങ്ക് വാങ്ങി വീടാക്കി മാറ്റാനുള്ള ഹണ്ടിന്റെ ആഗ്രഹമറിഞ്ഞ സുഹൃത്തുക്കൾ അതിൽനിന്നു പിന്തിരിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
ലോകം ഹണ്ടിനെ “വട്ടൻ’ എന്നു വിളിക്കുമെന്നും സ്വപ്രവൃത്തിയാൽ ദുഃഖിക്കേണ്ടിവരുമെന്നും സുഹൃത്തുക്കൾ അദ്ദേഹത്തെ ഓർമിപ്പിച്ചു. എന്നാൽ, ഹണ്ട് തന്റെ തീരുമാനത്തിൽനിന്നു പിന്തിരിഞ്ഞില്ല.
സ്വപ്നം യാഥാർഥ്യമാക്കാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.അതുവരെ സന്പാദിച്ചതെല്ലാം ഹണ്ട് വിറ്റുപെറുക്കി. വാട്ടർ ടാങ്ക് വാങ്ങി. ഉപയോഗശൂന്യമായ വലിയ വാട്ടർ ടാങ്കായിരുന്നു അത്.
2019ലാണ് ബൈഡ്ഫോഡ് ടൗണിനടുത്തുള്ള ഡെവണിലെ ക്ലോവെല്ലി ക്രോസിനു സമീപമുള്ള വാട്ടര് ടാങ്ക് ഹണ്ട് വിലയ്ക്കുവാങ്ങുന്നത്.
മൂന്നുവർഷത്തെ നിർമാണപ്രവൃത്തികൾകൊണ്ട് വാട്ടർ ടാങ്കിനെ ആരെയും അതിശയിപ്പിക്കുന്ന ആഡംബരഭവനമാക്കി മാറ്റി.
മൂന്നു നിലകളാണ് വീടിനുള്ളത്. നാല് ബെഡ്റൂമുകളുണ്ട്. ആധുനികസൗകര്യങ്ങളുള്ള അടുക്കള, മനോഹരമായ ഹാൾ എന്നിവയുമുണ്ട്. ലളിതവും മനോഹരവുമാണ് ഇന്റീരിയർ ഡിസൈനിംഗ്.
മൂന്നുവർഷത്തെ തന്റെ നിർമാണപ്രവൃത്തികളുടെ വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രമിൽ ഹണ്ട് പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ലൈക്കും കമന്റുമായി എത്തിയത്.
പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്കും വിമർശിച്ചവർക്കും പിന്നീട് ഹണ്ടിനെ അഭിനന്ദിക്കേണ്ടിവന്നു.നിർമാണവേളയിൽ ഹണ്ടും ജീവിതപങ്കാളിയും വാട്ടർ ടാങ്കിനു സമീപം ഒരു താത്കാലിക വീട്ടിലാണ് താമസിച്ചത്.
ഹണ്ടിന്റെ ആഗ്രഹങ്ങൾക്ക് പങ്കാളിയുടെ പൂർണപിന്തുണയുമുണ്ടായിരുന്നു. അതേസമയം, വാട്ടർ ടാങ്ക് വീട് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഹണ്ട്.
തന്റെ മുടക്കുമുതൽ തിരിച്ചുപിടിക്കാനും കടങ്ങൾ വീട്ടാനും വേണ്ടിയാണ് ഹണ്ട് വീടു വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കിവരുന്ന പണം ഉപയോഗിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും ചെയ്യാനാണെന്ന് ആഗ്രഹമെന്നും ഹണ്ട് പറയുന്നു.