ഇരിങ്ങാലക്കുട: എടതിരിഞ്ഞി സെന്ററിലുള്ള വാട്ടർ അഥോറിറ്റി ജലസംഭരണി തകർച്ചാഭീഷണിയിൽ.കാറളം പടിയൂർ ശുദ്ധജലപദ്ധതിയുടെ അനുബന്ധമായി പടിയൂരിലുള്ള 1986 ൽ കമ്മീഷൻ ചെയ്ത 3700 ലക്ഷത്തോളം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണു കാലപ്പഴത്താൽ തകർച്ചയിലായിരിക്കുന്നത്.
കോണ്ക്രീറ്റ് ചെയ്ത തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. തകർന്ന ഭാഗങ്ങളിൽ കന്പിതെളിഞ്ഞു പുറത്തു കാണാവുന്ന തരത്തിലുള്ള കോണ്ക്രീറ്റ് അടർന്നുവീഴുന്നതിനാൽ ഓപ്പറേറ്റർ അടക്കമുള്ളവർ ടാങ്കിന്റെ സമീപത്തു നിൽക്കാറില്ല.
പണിതീർന്നതിൽ പിന്നെ ടാങ്കിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെയും നടത്തിയിട്ടില്ലെന്നു ജീവനക്കാരും സമീപവാസികളും പറയുന്നു.ടാങ്കിനു മുകളിലേക്കു കയറാനുള്ള കന്പിയേണി അടർന്നുവീഴാവുന്ന സ്ഥിതിയിലാണ്.
ടാങ്കിനു മുകളിലേക്കു കയറാൻ ഇവിടെ ആർക്കും സാധിക്കാത്തതിനാൽ നിലവിൽ മൂന്നു വർഷത്തോളമായി ഈ ടാങ്ക് വൃത്തിയാക്കിയിട്ടില്ല. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളമാണു ഇവിടെ നിന്നു വർഷങ്ങളായി കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്യുന്നത്.
ഇത്രയും ദുർബലമായ ടാങ്കിൽ നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ സന്പൂർണ കുടിവെള്ള പദ്ധതിപ്രകാരം പടിയൂരിലെത്തുന്ന കുടിവെള്ളം കൂടി നിലവിൽ സംഭരിക്കുന്നുണ്ട്.ടാങ്ക് ഇത്രയും ദുർബലമായതു വാട്ടർ അഥോറിറ്റി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കിൽ വൻദുരന്തത്തിനു സാധ്യത ഏറെയാണ്.
2018 ലെ പ്രളയത്തിൽ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ടാങ്ക് തെക്കുവശത്തേക്കു ചെരിഞ്ഞതായ സംശയത്തെ തുടർന്ന് വാട്ടർ അഥോറിറ്റി ജില്ലാ സൂപ്രണ്ടിംഗ് എൻജിനീയർ സി.കെ. സജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
നാട്ടുകാരുടെ ശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വാട്ടർ അഥോറിറ്റി അധികൃതർക്കു കത്തുനല്കി.ജലസംഭരണിക്കു ബലക്കുറവില്ലെന്നും അറ്റകുറ്റപണികൾ നടത്താനുണ്ടെന്നുമാണു വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്.
അറ്റകുറ്റപ്പണികൾക്കായുള്ള ക്വട്ടേഷൻ കരാറുകാർ ആരും ഏറ്റെടുക്കുവാൻ തയാറാകാത്ത സാഹചര്യമാണുണ്ടായതെന്നും അധികൃതർ പറഞ്ഞു.