വൈപ്പിൻ: വൈപ്പിൻ കരയുടെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കാണാൻ ജിഡയുടെ 10 കോടി രൂപ ഉപയോഗിച്ച് ഞാറയ്ക്കലും മുരുക്കുംപാടത്തും നിർമാണം തുടങ്ങിയ ശുദ്ധജല സംഭരണിയുടെ നിർമാണം നിർത്തിവച്ച് കരാറുകാരൻ മുങ്ങിയിട്ട് രണ്ടര വർഷം തികയുന്നു.
ഞാറയ്ക്കൽ ടാങ്കിന്റെ പണി ഏഴര വർഷം മുന്‍പ് ആരംഭിച്ചതാണ്. ഒരു നിലയും കൂടി കഴിഞ്ഞാൽ ടാങ്ക് കോണ്‍ക്രീറ്റ് ചെയ്ത് സംഭരണിയുടെ നിർമാണം പൂർത്തിയാകുന്ന ഘട്ടമെത്തിയപ്പോഴാണ് രണ്ടര വർഷം മുന്‍പ് കരാറുകാരൻ പണി ഉപേക്ഷിച്ച് പോയത്. ഇതേ കരാറുകാരൻ തന്നെയാണ് മുരിക്കുംപാടത്തും ടാങ്കിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
നാലു വർഷം മുന്‍പ് ആരംഭിച്ച പണി രണ്ടു തവണ നിർത്തിവച്ചശേഷം പുനരാരംഭിച്ചെങ്കിലും ഇതും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഒരു നിലയുടെ നിർമാണമാണ് നടന്നിട്ടുള്ളത്. ഏഴര വർഷത്തിനിടെ ജിഡയുടെ മുന്നിലും വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിലും നിരവധി സമരങ്ങളും പലതവണ ജില്ലാ കളക്ടറുമായി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇതിനിടെ വേറെ കരാറുകാരനെ ഏൽപ്പിച്ച് ഓഗസ്റ്റിൽ നിർമാണം ആരംഭിക്കുമെന്ന് എസ്. ശർമ്മ എംഎൽഎ പ്രസ്താവന ഇറക്കിയെങ്കിലും ഒക്ടോബർ കഴിയാറായിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിൽ നിർമാണം പുനരാരംഭിക്കാൻ എംഎൽഎ അടിയന്തരമായി ഇടപെടണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമിതി കണ്‍വീനർ പോൾ ജെ. മാന്പിള്ളി മുന്നറിയിപ്പ് നൽകി.