കടുത്തുരുത്തി: ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി വർഷങ്ങൾക്ക് മുന്പ് ആരംഭിച്ച ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികൾ പലതും വിസ്മൃതിയിലേക്ക്. ലക്ഷങ്ങൾ ചെലവഴിച്ചുള്ള പുതിയ പദ്ധതികൾക്കു പിന്നാലെ അധികൃതർ പായുന്പോൾ, ആയിരങ്ങൾ മാത്രം ചെലവഴിച്ചാൽ വീണ്ടും പ്രയോജനപ്പെടുത്താവുന്ന കുടിവെള്ള പദ്ധതികൾക്ക് മരണമണി മുഴങ്ങുകയാണ്.
ഗ്രാമീണ മേഖലകളിലേതടക്കം കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 2004-05 കാലത്ത് ജലനിധി പദ്ധതിയിലൂടെ പ്രവർത്തനമാരംഭിച്ച ഗ്രാമീണ കുടിവെള്ള പദ്ധതികളാണ് പലയിടത്തും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ കടുത്തുരുത്തി പഞ്ചായത്തിലെ നിർമാണ ചുമതല.
നാൽപതോളം വീടുകൾക്ക് വെള്ളം നൽകുന്നതിനായി പരിസര പ്രദേശത്ത് എവിടെയെങ്കിലും കുളം നിർമിച്ചു ടാങ്ക് സ്ഥാപിച്ച ശേഷം വീടുകളിലേക്കു പൈപ്പുകൾ സ്ഥാപിച്ചാണ് പദ്ധതിയിലൂടെ വെള്ളം നൽകിയിരുന്നത്. പദ്ധതികളുടെ ആദ്യത്തെ രണ്ട് വർഷത്തെ അറ്റകൂറ്റപ്പണികൾ നടത്താനുള്ള ചുമതല പദ്ധതി പൂർത്തിയാക്കിയ ഏജൻസികൾക്കു തന്നെയായിരുന്നു.
എന്നാൽ ഇതു പുതുക്കി നൽകാത്തതിനാൽ ഓരോ വർഷം ചെല്ലുന്തോറും പല പദ്ധതികൾക്കും തകരാറുകൾ പതിവായി. വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന മഴവെള്ള സംഭരണികൾ ഓരോ വർഷവും ക്ലീൻ ചെയ്യണമെന്നും വൈറ്റ് സിമന്റ് പൂശി ബലപെടുത്തണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഗുണഭോക്താക്കൾ പലരും ഇതിന് മടി കാണിച്ചതോടെ പലയിടത്തും മഴവെള്ള സംഭരണികൾ പൊട്ടി തകർന്നു നശിച്ച നിലയിലാണ്.
കൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ ജലനിധി പദ്ധതിയുടെ പൈപ്പുകൾ പലയിടത്തും നശിപ്പിക്കപ്പെട്ടതായും ആക്ഷേപമുണ്ട്. വേനൽകാലത്ത് നാട്ടിൽ ജലക്ഷാമം രൂക്ഷമാകുന്പോൾ പ്രശ്ന പരിഹാരത്തിന് താൽകാലിക മാർഗങ്ങൾ തേടുകയോ, ചിലവേറിയ വൻകിട പദ്ധതികൾക്കു പിന്നാലെ പായുകയോ ആണ് അധികൃതരെന്നും നിലവിലുള്ള പദ്ധതികൾ അറ്റക്കുറ്റ പണികൾ നടത്തിയാൽ ഏറേനാളുകൾ വെള്ളം ലഭ്യമാക്കാൻ ഈ പദ്ധതികൾക്കു കഴിയുമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടികാണിക്കുന്നു.