പെരുന്പാവൂർ: 25 ലക്ഷം മുടക്കിയ വാട്ടർ ടാങ്ക് നോക്കുകുത്തിയായതോടെ വേങ്ങൂർ കൊച്ചുപുരയ്ക്കൽ കടവിൽ ജലക്ഷാമം രൂക്ഷമെന്നു പരാതി. ആറുവർഷം മുന്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 25 ലക്ഷം മുടക്കി നിർമിച്ച വാട്ടർ ടാങ്കുകൾ മുപ്പതിലധികം പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്കും മിച്ച ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി നിർമിച്ചതാണ്. വാട്ടർ കണക്ഷൻ നൽകുന്നതിന് ഓരോ കുടുംബത്തിൽനിന്ന് 3,000 രൂപയും ഈടാക്കി.
എന്നാൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനെത്തുടർന്ന് പൈപ്പിൽക്കൂടി തുരുന്പും മറ്റ് മാലിന്യങ്ങളും വരാൻ തുടങ്ങി. ഇതോടെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും നാട്ടുകാർ ഈ വെള്ളം ഉപയോഗിക്കാതെയുമായി.
ഏതാണ്ട് മുക്കാൽ കിലോമീറ്റർ അകലെയുള്ള പെരിയാറിൽ നിന്ന് അതിന്റെ കരയിൽ നിർമിച്ചിട്ടുള്ള കിണറിലേക്ക് പന്പ് ചെയ്ത് അവിടെനിന്നു വീണ്ടും പന്പ് ചെയ്താണ് കൊച്ചുപുരക്കൽ കടവിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്.മിക്ക വീടുകളിലും കിണറില്ലാത്തതിനാൽ കിണറുള്ള വീടുകളിൽനിന്നു നിരവധി കുടുംബങ്ങളാണ് വെള്ളം ശേഖരിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് വലിയവില കൊടുത്താണ് നാട്ടുകാർ ടാങ്കുകളിലെത്തിച്ച വെള്ളം ശേഖരിച്ചത്.
ഉപയോഗ ശൂന്യമായ പൈപ്പുകൾ ഉപയോഗിച്ച് ജലവിതരണ സംവിധാനം ഒരുക്കിയതിലെ അഴിമതി പുറത്തുകൊണ്ട ുവരണമെന്നും വേനൽ ശക്തമാകുന്നതിന് മുന്പ് പൈപ്പുകൾ മാറ്റിയിട്ട് ജല വിതരണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ അധികാരികൾക്ക് പരാതി നൽകി.