കിളിവയൽ: കുടിവെള്ളം മുട്ടിയതിനെ തുടർന്ന് നാട്ടുകാർ വാട്ടർ ടാങ്കിനു മുകളിൽ കയറി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് കിളിവയൽ ആറ്, എട്ട് വാർഡുകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ജല വിതരണം തടസപ്പെട്ടതിനെ തുടർന്ന് പുലിമല വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ചത്.
കിളിവയൽ കോളജിനു സമീപത്തു നിന്നും പ്രകടനവുമായി കരിങ്കൊടിയും കുടവുമായിട്ടാണ് ഗ്രാമപഞ്ചായത്തംഗം ഷൈലേന്ദ്ര നാഥിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്. ദിവസങ്ങളായി ഇവടെ നിന്നും കിളിവയൽ, പുതിശേരി ഭാഗത്തേക്ക് വെള്ളം എത്തുന്നില്ലെന്നും ആ ഭാഗത്തേക്കുള്ള വാൽവ് അടിച്ചിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിവരമറിഞ്ഞ് ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ജല അഥോറിറ്റി എഇ, എ എക്സി എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതായും അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.