വടക്കഞ്ചേരി: മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ പെട്രോൾ പന്പിനടുത്തുള്ള വാട്ടർടാങ്ക് ഏതുനിമിഷവും തകർന്നുവീഴാമെന്ന സ്ഥിതിയിൽ. ആറു പില്ലറുകളിൽ നില്ക്കുന്ന ടാങ്കിന്റെ നാലു പില്ലറുകളും ബലക്ഷയത്തിൽ തകർന്ന നിലയിലാണ്.
പില്ലറിലെ കന്പികൾ പുറത്തേക്ക് തള്ളി കോണ്ക്രീറ്റ് അടർന്നുവീണ് ആടുന്നതിനാലാണ് ടാങ്ക് നില്ക്കുന്നത്.ടാങ്ക് പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്ന് പലതവണ നാട്ടുകാർ പരാതി നല്കിയിട്ടും അധികൃതർ അപകടസ്ഥിതി കണ്ടതായി നടിക്കുന്നില്ലെന്നു പറയുന്നു.റോഡിനോടു ചേർന്നുനില്ക്കുന്ന ടാങ്ക് തകർന്നുവീണാൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സമീപവാസികൾക്കും അതിന്റെ ദുരന്തമുണ്ടാകും.
മുടപ്പല്ലൂർ ടൗണിലേക്കുള്ള ജലവിതരണം ഈ ടാങ്കിൽനിന്നാണ് നടത്തുന്നത്. വണ്ടാഴി പാലംഭാഗത്തെ ബോർവെല്ലിൽനിന്നുള്ള വെള്ളം പന്പുചെയ്ത് ടാങ്കിലെത്തിച്ച് ഇവിടെനിന്നാണ് വിതരണം. ഒരുലക്ഷം ലിറ്റർവെള്ളം സംഭരണശേഷിയുള്ള ടാങ്കിൽ ഇപ്പോഴും വെള്ളം നിറയ്ക്കുന്നുണ്ട്. ചോർച്ചയും മറ്റും കഴിഞ്ഞുള്ള വെള്ളമാണ് നിലവിൽ വിതരണം ചെയ്യുന്നത്.