ബിജോ ടോമി
കൊച്ചി: കേരളത്തിലെ കായലോളങ്ങളിൽ കുതിച്ചുപായാൻ ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സികൾ ഉടനെത്തും. ആദ്യഘട്ടത്തിൽ തന്നെ കൊച്ചിയിൽ വാട്ടർ ടാക്സികൾ സർവീസിനെത്തുമെന്നും, ജലഗതാതഗത്തെകൂടുതലായി ആശ്രയിക്കുന്ന കായലോരവാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഇവ ഏറെ പ്രയോജനകരമാകുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.
യാത്രക്കാർക്ക് പ്രത്യേകം അനുവദിച്ചിരിക്കുന്ന ഫോണ് നന്പർ വഴിയാണ് സർവീസ് ലഭ്യമാകുക. വാട്ടർ ടാക്സി സർവീസിനായിട്ടുള്ള നന്പറിൽ വിളിച്ചാൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തു നിമിഷനേരംകൊണ്ട് ബോട്ടെത്തും. ജലമാർഗം എവിടെയെങ്കിലും ഉടനടി എത്തേണ്ടവർക്ക് മറ്റു യാത്രാ ബോട്ടുകൾക്കായി കാത്തുനിന്നു സമയം കളയാതെ വാട്ടർ ടാക്സിയെ ആശ്രയിക്കാൻ സാധിക്കും.
ഉൾനാടൻ കായലോരങ്ങളിൽ താമസിക്കുന്നവർക്കും ഉൾനാടൻ പ്രദേശളങ്ങളിലേക്കു എത്തിപ്പെടേണ്ടവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിദേശരാജ്യങ്ങളിൽ വിനോദഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇനമാണ് വാട്ടർ ടാക്സി. കരഗതാഗതത്തെക്കാൾ ജലഗതാഗതം പ്രയോജനപ്പെടുത്താവുന്ന നിരവധി പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും ഇതുവരെ ഈ സാധ്യത വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല.
പത്തുപേർക്കു യാത്രചെയ്യാവുന്ന വേഗതയേറിയ കറ്റാമറൈൻ ബോട്ടുകളാണ് ജലഗതാഗത വകുപ്പ് സർവീസിനിറക്കുക. ആദ്യഘട്ടത്തിൽ കൊച്ചിയിലും ആലപ്പുഴയിലുമായി ഇറക്കുന്ന രണ്ടു ബോട്ടുകളുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത് കുസാറ്റാണ്. വാട്ടർ ടാക്സിക്കുള്ള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നു ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.
ഏകദേശം 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജിപിഎസ് സംവിധാനമടക്കം അത്യാധുനിക സുരക്ഷാ ഉപകരണങ്ങളാകും വാട്ടർ ടാക്സിയിൽ ഉണ്ടാവുക.