ഓയൂർ: ശുദ്ധജല ലഭ്യതയും ജലസംരക്ഷണവും ഉറപ്പാക്കി വരും തലമുറകൾക്ക് കൂടി അത് ലഭ്യമാക്കുന്ന വിധത്തിൽ സ്ഥിരമായി സംരക്ഷിക്കുന്ന ജീവിതരീതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിസിഎച്ച്ആർ ഡയറക്ടർ ഡോ.എം.കെ.പി.റോയി പറഞ്ഞു. സെന്റർ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത് റിസർച്ച് വിവിധ സംഘടനകളുമായി ചേർന്നു ഓടനാവട്ടത്ത് സംഘടിപ്പിച്ച ലോക ജലദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകം സമീപകാല ഭാവിയിൽ നേരിടുന്ന ഏറ്റവും വലിയ ദുരന്തം ശുദ്ധജല ദൗർലഭ്യമായിരിക്കും. മനുഷ്യർ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ശുദ്ധജലത്തിനായി പാലായനം ചെയ്യുന്നു എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയിലെ അമൂല്യ വിഭവമായ ജലത്തെ കാത്തു സൂക്ഷിക്കുന്ന ജലസംസ്കാരം വളർത്തിയെടുക്കുവാനാവശ്യമായ ബോധവൽക്കരണം അനിവാര്യമാണെന്നും ബ്രസീലിൽ നടന്ന എട്ടാമത് വേൾഡ് വാട്ടർ ഫോറത്തിൽ ഭാരത പ്രതിനിധിയായി പങ്കെടുക്കുകയും സുരക്ഷിത ജലവും പൊതുജനാരോഗ്യവും എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തിയ ഡോ.റോയി ചൂണ്ടിക്കാട്ടി.
കെ.ഒ.രാജു ക്കുട്ടി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ഏകോപന സമിതി കൺവീനർ ഓടനാവട്ടം വിജയപ്രകാശ് സന്ദേശം നൽകി. കവിയരങ്ങ് യുവകവി ജോൺ റിച്ചാർഡ് ഉദ്ഘാടനം ചെയ്തു.വൈഎംസിഎ സംസ്ഥാന പരിസ്ഥിതി ബോർഡ് ചെയർമാൻ പി.എ.സജിമോൻ, സംഗീത സംവിധായകൻ രാജൻ കോസ്മിക് എന്നിവർ പ്രസംഗിച്ചു. ഫ്രഷ് വാട്ടർ ആക്ഷൻ നെറ്റ് വർക്ക് (ഫാൻസാ) കേരള ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.