പറവൂർ: വിവരമിച്ച സർക്കാർ ജീവനക്കാരന്റെ വീട്ടിൽ അനധികൃതമായി കുടിവെള്ളമൂറ്റാൻ സ്ഥാപിച്ച കണക്ഷൻ വാട്ടർ അതോറിറ്റി പിടികൂടി. ചിറ്റാറ്റുക പട്ടണം തിനയാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്നാണ് കുടിവെള്ള മോഷണം പിടികൂടിയത്.
വെള്ളത്തിന്റെ ഉപയോഗം രേഖപ്പെടുത്തുന്ന മീറ്റർ ബോസിലേയ്ക്കുള്ള കണക്ഷൻ പൈപ്പ് മുറിച്ച് അവിടെനിന്നു ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ നൽകിയതായിട്ടാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഈ അനധികൃത കണക്ഷൻ മീറ്റർ റീഡിംഗ് എടുക്കാൻ വരുന്ന ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാത്ത വിധം ഭൂമിക്കടിയിലായിരുന്നു കണക്ഷൻ. ഇതിനു മുകളിൽ മുറ്റത്തെ സിമന്റ് ടൈലുകൾ പാകിയിരുന്നതിനാൽ കണക്ഷൻ ആരുടെയും ശ്രദ്ധയിൽപ്പെടുമായിരുന്നില്ല.
കാലങ്ങളായി ഈ കണക്ഷഷനിലൂടെ ഇവർ വെള്ളമൂറ്റുന്നതായിട്ടാണ് കരുതുന്നത്. വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അനധികൃത കണക്ഷൻ തങ്ങളുടെ അറിവോടെയല്ലെന്ന് വീട്ടുകാർ അവകാശപ്പെട്ടെങ്കിലും ഇവർക്ക് വിശദീകരണ നോട്ടീസ് നൽകിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് വടക്കേക്കര സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.