സ്വന്തം ലേഖകൻ
തൃശൂർ: ജില്ല നേരിട്ടിരുന്ന ജല ജല ദൗർലഭ്യം ഇനി പഴങ്കഥ മാത്രം. തൃശൂർ ജലസമൃദ്ധിയിലേക്ക് നീങ്ങുന്നു. 2024 നകം തൃശൂരിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ മുന്നോട്ടുപോവുകയാണ്.
52.85 ലക്ഷം വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിക്ക് ജലജീവൻ മിഷൻ തുടക്കം കുറിച്ചു. ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കേരളത്തിലെ ഗ്രാമീണ ഭവനങ്ങൾക്ക് മുഴുവൻ 2024 ആകുന്പോഴേക്കും കുടിവെള്ള കണക്ഷനുകൾ നൽകുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ജില്ലയിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.
ജില്ലയിലെ 607351 വീടുകളിൽ 178629 വീടുകളിലാണ് നിലവിൽ കുടിവെള്ള കണക്ഷനുകൾ ഉള്ളത്. പദ്ധതി വഴി ബാക്കി വീടുകൾക്ക് 2024 ആകുന്പോഴേക്കും കുടിവെള്ള കണക്ഷനുകൾ ഉറപ്പാക്കും.
ഒന്നാംഘട്ടമായി 82 പഞ്ചായത്തുകളിൽ 145115 കണക്ഷനുകളാണ് നൽകുക. ജല അതോറിറ്റി വഴി 142115 കണക്ഷനുകളും ജലനിധി വഴി 3000 കണക്ഷനുകളും നൽകും. പദ്ധതി നിർവഹണത്തിന് 368.49 കോടി ഭരണാനുമതി ലഭിച്ചു.
68 പഞ്ചായത്തുകളിൽ 86752 കണക്ഷനുകൾ നൽകുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച് 7972 പേർക്കുള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്. ബാക്കി പ്രവൃത്തികൾ നടന്നുവരുന്നു.
ജലജീവൻ മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, നിലവിലെ ജല അതോറിറ്റിയുടെ പദ്ധതികളുള്ള പ്രദേശങ്ങളിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്ന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്.
ജല ജീവൻ മിഷന്റെ തുടർ ഘട്ടങ്ങളിൽ ജില്ലയിലെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷനുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ജല അതോറിറ്റി തൃശൂർ പി.എച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു.