കോഴിക്കോട്: സൈബർ പാർക്കിന് മുൻവശം പൊറ്റമ്മൽ -പാലാഴി റോഡിനു സമീപം ബൈപാസിൽ കുടിവെള്ള പൈപ്പ് പൊട്ടി സമീപത്തെ ട്രാൻസ് ഫോർമറിലേക്ക് വെള്ളം ചീറ്റുന്നത് സമീപവാസികളെ ഭീതിയിലാക്കുന്നു. ആഴ്ചകൾ മുന്‍പാണ് ഇവിടുത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് തകർന്നിരിക്കുകയാണ്.
അപകടങ്ങൾ തടയുന്നതിനായി നാട്ടുകാർ തകർന്ന ഭാഗത്ത് വാഴ വെച്ചു. രാത്രിസമയങ്ങൾളിൽ ഇവിടെ അപകടസാധ്യതകൾ കൂടുതലാണ്. നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കാറില്ല. കൗണ്‍സിലർക്കും പൊതുമരാമത്ത് എൻജിനീയർക്കും പരാതി നൽകിയതായും സമീപവാസികൾ പറയുന്നു.
പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പ്രവർത്തനങ്ങൾ ഉടനെ ആരംഭിച്ചാൽ മറ്റു ഭാഗങ്ങളിലും വെള്ളം ലീക്ക് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ ഉടനെ ഇതിനൊരു പരിഹാരം ഉണ്ടാകില്ല. വലിയ ചരക്കു ലോറികൾ നിരന്തരം പോകുന്നതു കൊണ്ടാണ് റോഡ് തകരുന്നതെന്നും നാട്ടുകാർ പറഞ്ഞു. പൊറ്റമ്മലിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ജംഗ്ഷനിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. നഗരത്തിൽ പലയിടങ്ങളിലായി വീണ്ടും കുടിവെള്ളപൈപ്പുകൾ പൊട്ടി തുടങ്ങിയിട്ടുണ്ട്.