വെള്ളിക്കുളങ്ങര: വേനൽക്കാലമായാൽ കുടിവെള്ളം കിട്ടാതെ വലയുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങൾക്ക് ജനമൈത്രി പോലീസ് സമ്മാനിച്ച കുടിവെള്ളപദ്ധതി ആശ്വാസമാകുന്നു. കാക്കിയുടെ കാരുണ്യത്തിൽ ഈ വേനൽ ജലസമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസി കുടുംബങ്ങൾ. മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിയിലാണ് പോലിസീലെ മേഴ്സി കോപ്സ് കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.
മലയർ വിഭാഗക്കാരായ 16 കുടുംബങ്ങളാണ് കാരിക്കടവ് ആദിവാസി കോളനിയിൽ താമസിക്കുന്നത്. കുറുമാലി പുഴയുടെ കൈവഴിയായ മുപ്ലിപുഴയോരത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. മറ്റത്തൂർ പഞ്ചായത്തിലെ വടക്കുകിഴക്കേ കോണിലുള്ള ചൊക്കന വാർഡിലുള്ള ഈ കോളനിയിൽ വേനൽമാസങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാണ്. വേനൽക്കാലമായാൽ പുഴ വറ്റുന്നതോടെ കോളനിയിലുള്ള കിണറുകളും വറ്റിപോകും. പിന്നെ പുഴയിൽ കുഴിയുണ്ടാക്കി അതിൽ നിന്ന് കോരിയെടുക്കുന്ന വെള്ളമാണ് കോളനിയിലെ കുടുംബങ്ങൾക്കാശ്രയം.
കഴിഞ്ഞ വേനലിൽ കോളനിയിലെ കുടുംബങ്ങൾ ശുദ്ധജലത്തിനായി ദുരിതം അനുഭവിച്ചത് ശ്രദ്ധയിൽ പെട്ട വെള്ളിക്കുളങ്ങര ജനമൈത്രി പോലീസാണ് മേഴ്സികോപ്സിന്റെ സഹായത്തോടെ ഇവരുടെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാൻ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി കോളനിയിലെ രണ്ടുകിണറുകളുടെ ആഴം കൂട്ടുകയും ആൾമറ കെട്ടി സംരക്ഷിക്കുകയും ചെയ്തു.
കിണറുകളോടു ചേർന്ന് മോട്ടോർ ഷെഡുകളും നിർമിച്ചു. ഇവിടെ നിന്ന് പന്പ് ചെയ്യുന്ന വെള്ളം കോളനിയുടെ പ്രവേശനകവാടത്തിനു സമീപം ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള കോണ്ക്രീറ്റ് തറയിൽ സ്ഥാപിച്ച ജലസംഭരണികളിലേക്കെത്തിച്ചാണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഇതിനായി മുഴുവൻ വീടുകളിലും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോളനിയിൽ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിൽ കിണറുകളിലൊന്ന് പുഴ വെള്ളം നിറഞ്ഞ് മലിനമാകുകയും മോട്ടോർ കേടുവരികയും ചെയ്തിരുന്നു.
കിണറുകൾ വൃത്തിയാക്കുകയും മോട്ടോറുകൾ നന്നാക്കി പ്രവർത്തനക്ഷമമാക്കുകയും ചെയ്തതോടെ കോളനിയിലെ ജലക്ഷാമം പരിഹരിക്കപ്പെട്ടിരിക്കയാണ്. പുഴയിൽ നീരൊഴുക്കു കുറഞ്ഞുതുടങ്ങിയതോടെ കിണറുകളിൽ ജലനിരപ്പു താഴുമെന്ന ആശങ്കയുണ്ടെങ്കിലും ഇതിനു പരിഹാരമായി മണൽചാക്കുകൾ കൊണ്ട് പുഴയിൽ താൽക്കാലിക തടയണ നിർമി ക്കാനുള്ള ഒരുക്കത്തിലാണ് ആദിവാസികൾ.