കൊച്ചി: ജില്ലയില്‍ വ്യാജ കുടിവെള്ള മാഫിയ സജീവം. നടപടിയെടുക്കേണ്ടവര്‍ മാറിനിന്ന് ഇത്തരക്കാര്‍ക്കു കുടചൂടുന്നതായും ആക്ഷേപം. വിവിധ കമ്പനികളുടെ വ്യാജ ലേബലില്വരെ കുടിവെള്ള മാഫിയ അരങ്ങു വാഴുമ്പോള്‍ രോഗ ബാധിതരായി ഉപഭോക്താക്കളും. മാസങ്ങളായി തുടരുന്ന കനത്ത ചൂടില്‍ ജില്ലയുടെ മുക്കിലും മൂലയിലുംവരെ കുടിവെള്ള, കോള വില്‍പ്പന പൊടിപൊടിക്കുകയാണ്.
ഇത്തരത്തില്‍ വില്‍പ്പന നടത്തുന്ന കോളകളില്‍ ഉള്‍പ്പെടെ വ്യാജനും ഉള്‍പ്പെടുന്നു. വിവിധ കമ്പനികളുടെ ലേബലില്‍ വരെ വ്യാജ കുപ്പിവെള്ളവും കോളകളും വിപണിയിലെത്തുന്നതും പതിവായിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പേരുകളില്‍ ചില അക്ഷരങ്ങള്‍ മാറ്റി വില്‍പ്പന നടത്തുന്ന സംഘം വേറെയും. കോളകളുടെ വില്‍പ്പനയാണ് ഇത്തരത്തില്‍ മുന്നിലുള്ളത്.
പ്രമുഖ ബ്രാന്‍ഡുകളുടെ കോളകളെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം അതേ അളവിലുള്ള കുപ്പികളിലും നിറത്തിലും വിപണിയിലെത്തിക്കുന്ന കോളകളുടെ പേരില്‍ ചെറിയൊരു മാറ്റംമാത്രമാകും ഉണ്ടാകുക. ഇത്തരം തട്ടിപ്പുകള്‍ക്കു കുട്ടികളാകും കൂടുതലായും ഇരയാകുക. ഒരു പരിശോധനയും ഇല്ലാതെ എത്തിക്കുന്ന കുപ്പിവെള്ളത്തിന്റെയും കോളകളുടെയും ഗുണമേന്മ എത്രയുണ്ടെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കും അറിവില്ല.
ഇതുതന്നെയാണ് മാഫിയക്കാര്‍ ചൂഷണം ചെയ്യുന്നതും. നന്നേ മുടക്കു കുറഞ്ഞ കുടിവെള്ള വിതരണം വന്‍ ലാഭകരമാണെന്നുള്ളതാണു വിപണിയില്‍ വ്യാജന്റെവരവ് വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം. വേനല്‍ കടുത്തതോടെ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
കുപ്പിവെള്ളത്തിനാവശ്യമായ വെള്ളം എവിടെനിന്നു ലഭിക്കുന്നുവെന്ന കാര്യത്തില്‍ അന്വേഷണങ്ങളാന്നുമില്ല. ഫില്‍റ്റര്‍ ചെയ്തതെന്നു വ്യക്തമാക്കി വിപണിയിലെത്തിക്കുന്ന കുടിവെള്ളം എത്തരത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്കും സാധ്യമല്ല. ചെറുതും വലുതുമായി ജില്ലയില്‍ നിരവധി കുപ്പിവെള്ള വിതരണ കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതില്‍ ചിലതു പ്രമുഖ ബ്രാന്‍ഡുകളുടെ ഏജന്‍സികളും മറ്റുള്ളവ കമ്പനികളുമാണ്.
ലൈസന്‍സ് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ മാത്രം പരിശോധന നടത്തുന്ന അധികൃതര്‍ പിന്നീട് ഇത്തരം കമ്പനികളിലേക്കു തിരിഞ്ഞുനോക്കുന്നില്ലെന്നതാണു വാസ്തവം. കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്ക്കുന്നതിനേക്കാള് ലാഭകരമാണു വ്യാജന് വിറ്റഴിച്ചാല്‍ വ്യാപാരികള്‍ക്കു ലഭിക്കുന്നത്. ഇതിനാല്‍ വ്യാപാരികള്‍ കൂടുതലായും ഇത്തരത്തിലുള്ള കുപ്പിവെള്ളവും കോളകളും കൂടുതലായും വില്പനയ്ക്ക് എത്തിക്കുന്നുണ്ട്.
നിലവില്‍ പ്രമുഖ കമ്പനികളുടെ ഒരു ലിറ്റര്‍ കുപ്പിവെള്ളം 15 രൂപ മുതല്‍ മുകളിലേക്കാണു വ്യാപാരികള്‍ക്കു ലഭിക്കുന്നത്. പുറമെ ഏറെ അറിയപ്പെടാത്ത വ്യാജ ലേബലുകളില്‍ എത്തിക്കുന്നതുമായ കുപ്പിവെള്ളം പത്തു രൂപയ്ക്കുവരെ വ്യാപാരികള്‍ക്കു ലഭിക്കും. വന്‍ ലാഭം ലഭിക്കുമെന്നതിനാലാണു വ്യാപാരികള്‍ കൂടുതലായും ഇത്തരത്തിലുള്ള കുപ്പിവെള്ളം വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്.