കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… ഓർക്കാൻ വയ്യല്ലേ… ചൂടിന്റെ കാഠിന്യം കൂടിയിരിക്കുന്ന സമയമാണിപ്പോൾ. ആളുകൾ വെള്ളമില്ലാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ ഇത്രയും വരണ്ട കാലാവസ്ഥയിലും വെള്ളം കിട്ടാതെ വലയുന്നൊരു ജനത നമ്മുടെ സമൂഹത്തിലുണ്ട്.
കർണാടകയിലെ സിർസി ഗ്രാമം വെള്ളം കിട്ടാതെ വലയുന്പോൾ ഗൗരി നായിക് എന്ന 55 -കാരി ചെയ്ത മഹത് പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി വാങ്ങുന്നത്. ജലക്ഷാമത്താൽ പൊറുതിമുട്ടുകയായിരുന്നു ആ ഗ്രാമത്തിലെ ആളുകൾ. അപ്പോഴാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി ഗൗരി തനിയെ ഒരു കിണർ കുത്തിയത്.
പ്രദേശത്തെ അടയ്ക്ക വില്പനക്കാരിയാണ് ഗൗരി നായിക്. ജനുവരി 30 -നാണ് അവർ കുട്ടികൾക്ക് വേണ്ടി കിണർ കുത്തി തുടങ്ങിയത്.
‘ജനുവരി 30 -നാണ് ഞാൻ ഈ കിണർ കുത്തി തുടങ്ങിയത്. അതിന് മുമ്പ് എന്റെ കവുങ്ങുകൾക്ക് വെള്ളം കൊടുക്കുന്നതിനായി വീടിനടുത്ത് ഞാനൊരു തുറന്ന കിണർ കുഴിച്ചിരുന്നു. പിന്നീടാണ് കുട്ടികൾ ജലക്ഷാമം അനുഭവിക്കുകയാണ് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നുന്നത് അങ്ങനെയാണ് കിണർ കുത്തിയത്’ എന്ന് ഗൗരി പറയുന്നു.
12 അടി വരുന്ന കിണറാണ് ഗൗരി കുഴിച്ചത്. വിമൻ ആൻഡ് ചിൽഡ്രൻ വെൽഫെയർ ഡിപാർട്മെന്റ് അധികൃതർ അത് തടയുന്നതിനായി സ്ഥലത്തെത്തി. ഇതറിഞ്ഞ പ്രദേശവാസികളായ നൂറുകണക്കിനാളുകൾ അങ്കണവാടി പരിസരത്ത് തടിച്ചുകൂടി. കിണർ കുഴിക്കുന്നത് തടയുന്നതിനായി അധികൃതർ നടത്തുന്ന ശ്രമം എങ്ങനെയും തടയാൻ തന്നെ ആയിരുന്നു നാട്ടുകാരുടെ ഉദ്ദേശം. അതിനാൽ തന്നെ ഒറ്റക്കെട്ടായി പ്രദേശവാസികൾ ഗൗരിക്കൊപ്പം നിന്നു.
അധികൃതർക്കെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. അതോടെ അധികൃതർ ഗൗരി നായിക്കിന് കിണർ കുഴിക്കുന്നത് തുടർന്നുകൊള്ളാൻ വാക്കാൽ അനുമതി നൽകുകയായിരുന്നു.