പഴയങ്ങാടി: റോഡ് നിർമാണം വളരെ മനോഹരമായി പൂർത്തിയായി. എന്നാൽ, ഈ റോഡ് പൊളിക്കാൻ അവർ ഉടൻ എത്തും. പഴയങ്ങാടി പോലീസ് സ്റ്റേഷൻ എരിപുരം നാൽക്കവല മുതൽ വെങ്ങര- ഏഴിമല നേവൽ അക്കാദമി വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തിയാണ് പൂർത്തിയായിരിക്കുന്നത്.
തകർന്ന് കിടന്നിരുന്ന റോഡ് 12 കോടി രൂപ ചിലവഴിച്ചാണ് വീതി കൂട്ടി മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തി നവീകരിച്ചത്.
രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും നവീകരിച്ച റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ഒരുങ്ങുകയാണ് ജലവകുപ്പ്.
റോഡ് നവീകരണത്തോടൊപ്പം മാടായിപ്പാറയിലെ ജലസംഭരണി മുതൽ വടുകുന്ദ ശിവക്ഷേത്ര ഇറക്കം വരെയുള്ള റോഡിൽ പൈപ്പ് സ്ഥാപിച്ചിരുന്നു.ഇതിന് തുടർച്ചയായി ഇടാനുള്ള പൈപ്പാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പും ജലവകുപ്പും തമ്മിലുള്ള ശീത സമരമാണ് റോഡ് നവീകരണത്തിന് മുമ്പേ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കാത്തത് എന്ന് അറിയാൻ കഴിയുന്നത്.
വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തത് കൊണ്ട് റോഡ് പൊളിക്കുമ്പോൾ ദുരിതത്തിലാവുന്നത് നാട്ടുകാരും വാഹന യാത്രക്കാരും മാത്രം.