പുതുക്കാട്: ഒരു രൂപ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലെ വാട്ടർ എടിഎം പദ്ധതി പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ വാട്ടർ എടിഎം സ്ഥാപിച്ചത്.
സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ സ്ഥാപിച്ച ആദ്യത്തെ സംരഭമാണിത്. പുതുക്കാട് ആശുപത്രിയിൽ നിരവധി പേരാണ് വാട്ടർ എടിഎമ്മിലൂടെ ലഭിക്കുന്ന വെള്ളം ഉപയോഗിക്കുന്നത്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഇതിൽ നിന്ന് വെള്ളം എടുക്കാം. ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം കിട്ടുന്നതും, അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്നതുമായ രണ്ട് കൗണ്ടറുകളാണ് എടിഎമ്മിലുള്ളത്.
പൊതുവിപണിയിൽ നിന്ന് അമിതവില നൽകി ഗുണനിലവാരം ഉറപ്പുനൽകാത്ത കുടിവെള്ളം വാങ്ങി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയതെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത് പറഞ്ഞു.
ബ്ലോക്കിന് കീഴിൽ രണ്ടിടത്തുകൂടി പദ്ധതി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അഞ്ച് രീതിയിലുള്ള പ്രോസസിംഗ് കഴിഞ്ഞാണ് എടിഎമ്മിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്.
ഉന്നത ഗുണനിലവാരം ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിദിനം 300 ലിറ്റർ വെള്ളമാണ് ആളുകൾ ഉപയോഗിക്കുന്നത്.
കുപ്പിവെള്ളത്തേക്കാൾ ഗുണമേന്മയുള്ള എടിഎം വെള്ളം പൊതുജനങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. മുഹമ്മദാലി പറഞ്ഞു.
കൂടുതൽ ആളുകൾ ഈ പദ്ധതി ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.