പി. പ്രശാന്ത്
തിരുവനന്തപുരം: പൈപ്പ് പൊട്ടലുകള്‍ക്കും വിതരണ ചോര്‍ച്ചകള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി വാട്ടര്‍അഥോറിറ്റി പുതിയ പദ്ധതി കൊണ്ടുവരുന്നു. സര്‍ക്കാര്‍തലത്തില്‍ മുന്‍കൈയെടുത്തു നടപ്പാക്കാന്‍ പോകുന്ന പദ്ധതിയുടെ ഏകദേശ ചെലവ് 1000 കോടി രൂപയാണ്. കേരളത്തിലെ മൂന്നു നഗരങ്ങളില്‍ 24 x 7 ജലവിതരണ സംവിധാനം നടപ്പാക്കുകയാണ് വാട്ടര്‍അഥോറിറ്റിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിലവില്‍ സ്ഥിരമായുണ്ടാകുന്ന പൈപ്പു പൊട്ടലുകളും വിതരണ ചോര്‍ച്ചയും മൂലം വാട്ടര്‍അഥോറിറ്റിയുടെ ഉപഭോക്താക്കള്‍ കഷ്ടത അനുഭവിച്ചു വരികയാണ്. ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കൊണ്ടുവരാന്‍ പോകുന്നത്. മൂന്നു പ്രധാനപ്പെട്ട നഗരങ്ങളിലും ഉപഭോക്താക്കളുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ ചെറിയതോതിലുള്ള വിതരണ നഷ്ടംപോലും ഇവര്‍ക്കു താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
പൈപ്പു പൊട്ടലുകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ നഗരപരിധിയിലെ ചില പ്രദേശങ്ങളില്‍ ദിവസങ്ങളെടുത്താകും പരിഹരിക്കുന്നത്. ഇതിനൊരു പരിഹാരംകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ഉല്‍പ്പാദന ഘടകങ്ങളില്‍ ആവശ്യമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, കാലപ്പഴക്കംവന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക, വിതരണ ശൃംഖലയെ വിവിധ മേഖലകളായി തിരിച്ച് ഡിസ്ട്രിക്ട് മീറ്ററിംഗ് ഏരിയകള്‍ സ്ഥാപിച്ച് ജലവിതരണം കാര്യക്ഷമമാക്കുകയും ജലച്ചോര്‍ച്ച നിയന്ത്രിക്കുകയും ചെയ്യുക, മര്‍ദ്ദ നിയന്ത്രണ ഉപകരണങ്ങളും ഫ്ളോമീറ്ററുകളും എല്ലാ മേഖലയിലും സ്ഥാപിക്കുക, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജല വിതരണ സംവിധാനം നിയന്ത്രിക്കുക, പഴയതും ചോര്‍ച്ചയുള്ളതുമായ സര്‍വ്വീസ് കണക്ഷനുകള്‍ പുനരുദ്ധരിക്കുക തുടങ്ങിയവയാണ് വാട്ടര്‍അഥോറിറ്റി ഈ പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ ഗുണഭോക്തൃ വാട്ടര്‍മീറ്ററുകളും മാറ്റി ഉന്നത നിലവാരമുള്ള മീറ്ററുകള്‍ സ്ഥാപിക്കുന്നതുകൂടാതെ വിതരണ ശൃംഖലയുടെ സര്‍വ്വേ നടത്തി ജി.ഐ.എസ് മാപ്പ് തയ്യാറാക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വാട്ടര്‍അഥോറിറ്റിയുടെ പുതിയ ബൃഹത്തും കാര്യക്ഷമവുമായ പദ്ധതിയുടെ ഭാഗമായി സര്‍വ്വേ ആരംഭിച്ചു കഴിഞ്ഞു.
പദ്ധതിയുടെ വിജയസാധ്യത, പരിസ്ഥിതി പഠനം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരശേഖരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തിനുള്ളില്‍ത്തന്നെ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് ഏകദേശ രൂപം ഉരുത്തിരിഞ്ഞു വരും.
നിലവില്‍ ഉപയോഗിച്ചുവരുന്ന ജലവിതരണ പൈപ്പുകള്തന്നെയാണ് പുതിയ പദ്ധതിക്കും ഉപയോഗിക്കുക. എന്നാല്‍ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള പുതിയ പ്രവൃത്തി വാട്ടര്‍അഥോറിറ്റിയുടെ പ്രവര്‍ത്തനമേഖലയിലെ പുതിയ കാല്വയ്പ്പാകുമെന്നാണു പ്രതീക്ഷ.