ബിജു ഇത്തിത്തറ
കടുത്തുരുത്തി: കായൽ കടക്കാൻ ചെലവുകുറഞ്ഞ ജലബൈക്ക് നിർമിച്ച് യുവാവ് താരമായി.
വെച്ചൂർ പുത്തൻകായലിൽ കൃഷി നടത്തുന്ന ആപ്പാഞ്ചിറ കൊച്ചിടപ്പറന്പിൽ വിശ്വംഭരൻ-രാജമ്മ ദന്പതികളുടെ മകൻ അനീഷ്(39) ആണ് വെള്ളത്തിനു മീതെ ഓടിക്കാവുന്ന ബൈക്ക് നിർമിച്ച് യുവാക്കൾക്കും നാട്ടുകാർക്കും ഇടയിൽ താരമായത്.
ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐയിൽ നിന്നും ഓട്ടോമൊബൈൽ എൻജിനിയറിംഗ് പാസായ അനീഷ് പുത്തൻകായലിൽ 22ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. വള്ളത്തിലാണ് പുത്തൻകായലിൽ എത്തിയിരുന്നത്.
15 മിനിറ്റ് വള്ളത്തിൽ സഞ്ചരിച്ചാലേ പുത്തൻകായലിൽ എത്താൻ സാധിക്കൂ. വള്ളത്തിൽ എൻജിൻ പിടിപ്പിക്കാൻ വില തിരക്കി. 30,000 രൂപയോളം വരുമെന്നു കണ്ടതോടെ ഒന്നിന് 200 രൂപ വിലവരുന്ന 12 ഓയിൽ ക്യാൻ സംഘടിപ്പിച്ചു. ആപ്പാഞ്ചിറയിൽ സുഹൃത്തായ കൃഷ്ണകുമാറിന്റെ വർക് ഷോപ്പിൽ ഇത് എത്തിച്ച് ജലബൈക്കിന്റെ നിർമാണം ആരംഭിച്ചു.
പഴയ ബൈക്കിന്റെ പിൻചക്രം മാറ്റി തുഴയാൻ പറ്റുന്ന ചക്രം പിടിപ്പിച്ച് ആപ്പാഞ്ചിറയ്ക്കു സമീപത്തെ തോട്ടിൽ ഓടിച്ച് പരീക്ഷണം വിജയിച്ചതോടെയാണ് കായലിലേക്ക് കൊണ്ടുപോയത്.
വാട്ടർ ബൈക്ക് നിർമിച്ചതോടെ 4 മിനിറ്റുകൊണ്ട് അനീഷിന് പുത്തൻകായലിൽ എത്താൻ സാധിക്കും. മീൻകുളങ്ങളിൽ ഏവിയേറ്റർ പിടിപ്പിക്കുന്നതിനു പകരം വാട്ടർ ബൈക്ക് ഓടിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സാധിക്കുമെന്ന് അനീഷ് പറഞ്ഞു. ഭാര്യ: സൗമ്യ. ഏകമകൾ ശ്രേയ.