കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ അണക്കെട്ട് ദുർബലമായതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു. വടക്കൻ കാലിഫോർണിയയിലെ ഒറോവില്ലി അണക്കെട്ടാണ് പൊട്ടാൻവെന്പി നിൽക്കുന്നത്. ശക്തമായ മഴയും മഞ്ഞുവീഴ്ചയും മൂലമാണ് അണക്കെട്ട് ദുർബലാവസ്ഥയിലായത്.
അണക്കെട്ടിലെ എമർജൻസി സ്പിൽവെ ഏതുനിമിഷവും തകരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ സമീപപ്രദേശത്തുള്ളവർ എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്ന് പോലീസ് അറിയിച്ചു. ഏതാനും വർഷങ്ങളായുള്ള കടുത്ത വരൾച്ചക്കു ശേഷമാണ് പ്രദേശത്ത് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നത്. ഇതിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
അന്പതു വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ചരിത്രത്തിൽ ആദ്യസംഭവമാണിത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രധാനസ്പിൽവേയിലൂടെ സെക്കൻഡിൽ 100, 000 ഘനയടി വെള്ളമാണ് സമീപത്തെ തടാകത്തിലേക്ക് ഒഴുക്കിവിടുന്നത്.