ഷൊർണൂർ: വേനൽ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികൾ കൂണുപോലെ പെരുകി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള വില്പന നടക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരും ഇതുകണ്ടില്ലെന്നു നടിക്കുകയാണ്.ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് നിലവിൽ വിപണിയിലുള്ളതെന്നു പറയപ്പെടുന്നു.
കുപ്പിവെള്ള വില്പനവഴി വൻലാഭമാണ് ഈ മേഖലയിലുള്ളവർ നേടുന്നത്. ലൈസൻസുപോലും ഇല്ലാതെയാണ് ഭൂരിഭാഗവും വിപണിയിൽ കുപ്പിവെള്ളം വില്ക്കുന്നത്. കത്തുന്ന വേനലിനെ മറയാക്കി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് കുപ്പിവെള്ള മാഫിയകളുടെ ശ്രമം. മതിയായ രീതിയിൽ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശാസ്ത്രീയ പ്രക്രിയകൾ നടത്തേണ്ടതുമായ കാര്യങ്ങളൊന്നും ചെയ്യാതെയാണ് ഇത്തരക്കാർ പൊതുവിപണിയിൽ കുപ്പിവള്ളം വില്ക്കുന്നത്.
ഏറ്റവും ലാഭകരമായതും കാര്യമായ മുതൽമുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്പന. പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ കുപ്പിവെളളമാണ് ഇപ്പോൾ വിപണിയലധികവും.
ഈ സാഹചര്യം ആദ്യം തിരിച്ചറിഞ്ഞത് റെയിൽവേയാണ്. ഇതുകൊണ്ടുതന്നെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പുറമേനിന്നുള്ള കുപ്പിവെള്ളവില്പന നിരോധിക്കുകയും ചെയ്തു. കുപ്പിവെള്ളം ലിറ്ററൊന്നിന് ഇരുപതു രൂപയാണ് ഈടാക്കിവരുന്നത്. ഇതിൽ ബോട്ടിലിംഗും ജലലഭ്യതയും പരിസര ശുചിത്വവും ശുദ്ധീകരണ സംവിധാന കാര്യങ്ങളോ ഒന്നും ആർക്കും അറിയാത്ത സ്ഥിതിയാണ്.
കുപ്പിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഒരു പരിശോധനയുമില്ല. ഉപയോഗിച്ചു കഴിഞ്ഞ ബോട്ടിലുകളാണ് ഇവർ വീണ്ടും വെള്ളംനിറയ്ക്കാൻ ഉപയോഗിക്കുന്നത്. മോശം സാഹചര്യത്തിലും പരിസര ശുചിത്വമില്ലാതെയും ശുദ്ധീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് മാലിന്യവെള്ളം കുപ്പികളിലാക്കി വില്ക്കുന്നത്.