മണ്ണാർക്കാട്: വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പുതിയതായി വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ വെള്ളത്തുള്ളികൾ നൃത്തം വയ്ക്കുന്ന പ്രതീതിയിലാണ് ഫൗണ്ടൻ രൂപകല്പന ചെയ്തിരിക്കുന്നത്.
പാട്ടിന്റെ ഗതിക്കനുസരിച്ച് വെള്ളത്തുള്ളികൾ വാനിൽ ഉയർന്നു പൊങ്ങുന്നതോടെ കാണികൾ കരഘോഷവും ആർപ്പുവിളിയും മുഴക്കും. ഉദ്യാനവും ഡാമും കണ്ടുമടുത്ത വിനോദസഞ്ചാരികൾക്കായി മൈസൂർ ബൊട്ടാണിക്കൽ ഗാർഡനിലെ വാട്ടർ ഫൗണ്ടന്റെ മാതൃകയിലാണ് കാഞ്ഞിരപ്പുഴയിലെ വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചിരിക്കുന്നത്.ദിനംപ്രതി നിരവധി സന്ദർശകരാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്തുന്നത്. നിലയിൽ ജില്ലയിലെ ആകെയുള്ള വാട്ടർ ഫൗണ്ടൻ ഇതുമാത്രമാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണ് വിനോദസഞ്ചാരികൾക്കായി ഈ നവ്യാനുഭവം ഒരുക്കിയത്. ഏതാനും മാസംമുന്‍പാണ് മൂന്നുകോടി രൂപ ചെലവഴിച്ച് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. ഇക്കാലത്താണ് വാട്ടർ ഫൗണ്ടന്റെ നിർമാണവും നടത്തിയത്. മുന്‍പ് ഇവിടെ കുളമായിരുന്നു ഉണ്ടായിരുന്നത്.ഈ കുളം നവീകരിച്ചാണ് വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചത്.
ഇതിനു പുറമേ കുട്ടികളുടെ പാർക്ക്, സ്വിമ്മിംഗ് പൂൾ, ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ, ഒറ്റപ്പാലം മേഖലയിൽനിന്നാണ് കൂടുതൽ വിനോദസഞ്ചാരികൾ കാഞ്ഞിരപ്പുഴയിലേക്ക് എത്തുന്നത്. ഓരോ അരമണിക്കൂറിലും ഫൗണ്ടൻ പ്രവർത്തിപ്പിക്കും. വാട്ടർഫൗണ്ടന്റെ നിർമിതിക്കായി വിദേശരാജ്യത്തെ ഉപകരണങ്ങളാണ് ഉപയോഗിച്ചത്.