വി.യു. അജീഷ്
ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയിട്ട് ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ. ജലസേചന വകുപ്പിനെ ആശ്രയിച്ചിട്ടു കാര്യമില്ല, മഴ തന്നെ കനിയണം എന്നതാണ് അവസ്ഥ.
വലതുകര കനാൽ കടന്നുപോകുന്ന പട്ടിക്കാട് പാണഞ്ചേരി മുതൽ കോലഴി, മുളങ്കുന്നത്തുകാവ് മേഖലയിലാണ് കാർഷികമേഖലയിൽ വെള്ളം ലഭിക്കാതെ ആയിരക്കണക്കിനു കാർഷിക വിളകൾ ഉണക്കുഭീഷണി നേരിടുന്നുണ്ട്. ഇടതുകര കനാലിലൂടെ വെള്ളമെത്തുന്ന കല്ലൂർ, ആന്പല്ലൂർ മേഖലയിലെ കർഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല,
12 കിലോമീറ്റർ ദൂരമുള്ള കോലഴി മേഖലയിലേക്കു വെള്ളമെത്താൻ ഏകദേശം 12 ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. ഇങ്ങനെ വെള്ളം അനുവദിച്ചാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. കഴിഞ്ഞ നവംബർ മുതൽ ജനുവരി 26 വരെ മുണ്ടകൻ കൃഷിക്കായി വെള്ളം നല്കിയിരുന്നു.
ഇനി മാർച്ചിൽ പുഞ്ചക്കൃഷിക്കു വെള്ളം വിതരണം ചെയ്യുമെന്നും ഇപ്പോൾ കുടിവെള്ള വിതരണത്തിനായി വെള്ളം നല്കുന്നുണ്ടെന്നുമാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറുന്നത്.
കഴിഞ്ഞ ജനുവരിയിൽ മഴലഭിച്ചെങ്കിലും വളരെ കുറവായിരുന്നു.
മുൻ വർഷത്തേക്കാൾ 1000 കോടി ലിറ്റർ വെള്ളം ഡാമിൽ കുറവാണെന്നും ഇതാണ് കർഷകരുടെ ആവശ്യത്തിനനുസരിച്ച് വലതുകര- ഇടതുകര കനാലിലൂടെ വെള്ളം നല്കാത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുണ്ടകൻ, പുഞ്ച കൃഷികൾക്കാണ് മുഖ്യമായും പീച്ചി ഡാമിൽനിന്നും വെള്ളം നല്കുന്നത്.
കാലം തെറ്റിയിറക്കുന്ന കൃഷിരീതിയാണ് ജലലഭ്യതയില്ലാതെ പ്രതിസന്ധിയിലാകുന്നതെന്നും അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഗീത ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാരോ എംഎൽഎമാരോ നിർദേശിച്ചാൽ മാത്രമേ വെള്ളം നല്കാനാവൂ എന്നാണ് ഇവർ പറയുന്നത്. ഇതിനായി റിപ്പോർട്ട് കളക്ടർക്കു സമർപ്പിച്ചിട്ടുണ്ട്.
വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ പാടശേഖരസമിതികളും പ്രതിഷേധവുമായി രംഗത്തുണ്ട്. കോലഴി കൃഷിഭവന്റെ കീഴിൽ വരുന്ന പഴഞ്ചിറ പാടശേഖര സമിതിയിൽതന്നെ 90 ദിവസം പ്രായമായ 300 ഏക്കർ കൃഷിയാണ് വെള്ളമില്ലാതെ ഉണങ്ങുന്നത്.
കഴിഞ്ഞവർഷം മന്ത്രിയും എംഎൽഎയും ഇടപെട്ടാണ് ഇവിടെ വെള്ളമെത്തിച്ചതെന്നു പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. കൃഷി ആവശ്യം കഴിഞ്ഞപ്പോൾ രണ്ടുമാസം വെള്ളം വിട്ടതിനെത്തുടർന്ന് ചോദിച്ചപ്പോൾ മഴയ്ക്കുമുന്നേ വെള്ളം കുറയ്ക്കാൻ നിർദേശമുണ്ടെന്ന് അധികാരികൾ പറഞ്ഞെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കർഷകർക്ക് ആവശ്യമുള്ളപ്പോൾ നല്കാതെ വെള്ളം പാഴാക്കുകയാണെന്നും വെള്ളം ലഭ്യമാക്കാൻ കർഷകർ സമരത്തിനിറങ്ങേണ്ട അവസ്ഥയാണെന്നും അനിൽ അക്കര എംഎൽഎ, ജില്ലാ കളക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്കു പരാതി നല്കിയിട്ടുണ്ടെന്നും കർഷകർ പറയുന്നു.
സർക്കാർ കനിയുമെന്നും വെള്ളമെത്തി മനസും വിളയും നനയുന്ന ദിവസം വരുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകർ.