കനത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ വ്യാജ കുപ്പിവെള്ളവും അരങ്ങു തകർക്കുകയാണ്.
പ്രശസ്ത ബ്രാൻഡുകളുടേതിനോട് സാമ്യമുള്ള ലേബലിൽ ഇറങ്ങുന്ന ഇത്തരം വ്യാജന്മാർ ഒരേസമയം ഉപഭോക്താക്കളെ കബളിപ്പിക്കുകയും കുട്ടികളുടേതടക്കം ആരോഗ്യം കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
വിശദമായി പരിശോധിക്കാത്തവരുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് കമ്പനിയുടെ ലോഗോ ഉൾപ്പടെ വ്യാജന്മാർ പകർത്തുന്നത്.
വിപണിയിൽ ഏറെ പ്രചാരമുള്ളബ്രാൻഡുകളുടെ പേരിനോട് ഏറെ സമാനതയുള്ള പേരും ഡിസൈനുകളുമാണ് ഇവർ ഉപയോഗിക്കുന്നത്.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ പരിശോധനകൾ സ്ഥിരമായി നടക്കുന്നുണ്ടെങ്കിലും, ഇത്തരം വ്യാജ ബ്രാൻഡുകൾ കണ്ടെത്താൻ ഫലപ്രദമായ പരിശോധന ഇല്ലാത്ത സ്ഥിതിയാണ്.
കുടിവെള്ളത്തിന്റെ സ്രോതസോ ശുദ്ധീകരണത്തെ കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല.
കുട്ടികൾക്കടക്കം ഇത്തരം കുടിവെള്ളം വാങ്ങി നൽകുമ്പോൾ, ഏറെ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.
മുൻകാലങ്ങളിൽ പല പരിശോധനകളിലും കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വ്യാജ പേരുകളിൽ ഇറങ്ങുന്ന ഉത്പന്നങ്ങൾ യാതൊരു പരിശോധനകളും നടക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് വിപണിയിലെത്തുന്നത് എന്നതിനാൽ, ഇവയിൽ മാലിന്യത്തിന്റെ തോത് കൂടുതലായിരിക്കും.
മൊബൈൽ പരിശോധനാ ലാബുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ഇത്തരം വ്യാജന്മാരെ കൈയോടെ പിടികൂടാനാകും.
ബാക്ടീരിയയുടെയും പ്ലാസ്റ്റിക്കിന്റെയും അംശം പലപ്പോഴും കുടിവെള്ള പരിശോധനകളിൽ കൂടുതലായാണ് രേഖപ്പെടുത്താറുള്ളത്.
അത്യാവശ്യ നേരത്ത് ചെന്നാവും പലപ്പോഴും ഒരു കുപ്പി വെള്ളം വാങ്ങുന്നത്.ആ സമയത്ത് പലരും ബ്രാൻഡോ മറ്റ് കാര്യങ്ങളോ ശ്രദ്ധിച്ചെന്ന് വരില്ല.
ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് തടയിടണമെങ്കിൽ മൊബൈൽ ലാബുകൾ വഴിയുൾപ്പടെ പരിശോധനകൾ വ്യാപകമാക്കണം.