എം.വി. അബ്ദുൾ റൗഫ്
ശ്രീകണ്ഠപുരം: സന്ദർശകത്തിരക്കിൽ മലയോരത്തെ വെള്ളച്ചാട്ടങ്ങൾ. പൈസായി ഉരുളിക്കുണ്ട് വെള്ളച്ചാട്ടവും പാറ്റക്കൽ കലിക്കോട് വെള്ളച്ചാട്ടവുമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയത്.
ബ്ലാത്തൂർ, കല്യാട് മേഖലകളിലെ മലമടക്കുകൾ താണ്ടി കുന്നിറങ്ങി പതഞ്ഞൊഴുകി വരുന്ന കാട്ടരുവികളാണ് രണ്ടു സ്ഥലങ്ങളിലും വെള്ളച്ചാട്ടമായി മാറുന്നത്.
പൈസായി ലിറ്റിൽ ഫ്ലവർ സെമിനാരി വഴി വരുന്ന റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് ഉരുളിക്കുണ്ട് വെള്ളച്ചാട്ടം ഒഴുകുന്നത്.
പൈസായി സെമിനാരി-ബ്ലാത്തൂർ റോഡിലെ ഉരുളിക്കുണ്ടിൽ ഇപ്പോൾ നിത്യേനയെത്തുന്നത് നിരവധി സന്ദർശകരാണ്.
ഉരുളിക്കുണ്ടിൽ 50 അടിയോളം താഴ്ചയിലേക്ക് മടക്കുകളായി പതഞ്ഞൊഴുകുന്ന വെള്ളത്തിൽ ഉല്ലസിക്കുന്നതിന് മറ്റു ജില്ലകളിൽനിന്നുവരെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
പാറക്കൂട്ടങ്ങളിൽ തട്ടിത്തടഞ്ഞും വേരുകൾക്കിടയിൽ കൂടിയും ഒഴുകിയെത്തുന്ന വെള്ളം കലങ്ങുന്നില്ലെന്നതും കൊടുംവെയിലിലും കുളിർമ നഷ്ടപ്പെടുന്നില്ലെന്നുമുള്ള സവിശേഷതയുമുണ്ട്.
ഏതുസമയവും നല്ല തണുത്ത വെള്ളമായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം ഇവിടെ ഒരിക്കൽ വന്നെത്തുന്നവർ തന്നെ വീണ്ടും വീണ്ടും സന്ദർശകരായി മാറുകയാണ്.
വെള്ളച്ചാട്ടത്തിന് താഴെ ഉരുളിപോലെ കിടക്കുന്ന സ്ഥലത്ത് കുട്ടികൾക്കുപോലും എത്തിപ്പെടുന്നതിനും ഉല്ലസിക്കുന്നതിനും സാധ്യമാണ്.
കുളിക്കുന്നതിനും നീന്തൽ പഠിക്കുന്നതിനും കഴിയുംവിധമാണ് ഇതിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ വിദ്യാർഥികളാണ് ഇവിടെ എത്തിച്ചേരുന്നതിൽ ഭൂരിഭാഗവും. മരത്തിൽ കയറി മലക്കം മറിഞ്ഞ് നേരിട്ട് വെള്ളത്തിൽ വീഴുന്നതിനുള്ള സൗകര്യവും ഉരുളിക്കുണ്ടിൽ ഉണ്ട്.
സാഹസിക ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രമാണ് പാറ്റക്കൽ കലിക്കോട് വെള്ളച്ചാട്ടം.
പേരുപോലെ കലിതുള്ളിത്തന്നെയാണ് ഇതിന്റെ ഒഴുക്ക്. കല്യാട്, ചുങ്കസ്ഥാനം, ബ്ലാത്തൂർ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന കാട്ടരുവി പാറ്റക്കലിലെത്തുമ്പോൾ വലിയ വെള്ളച്ചാട്ടമാകുന്നതാണ് ആകർഷകമാകുന്നത്.
മുകൾത്തട്ടുവരെ പരന്നൊഴുകുകയും തുടർന്ന് നാൽപ്പതടിയോളം താഴ്ചയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ പതഞ്ഞൊഴുകുകയുമാണ് ചെയ്യുന്നത്.
വഴുവഴുപ്പുള്ള പാറക്കൂട്ടങ്ങളിൽ സാഹസിക നടത്തവും പാറ കയറലും ഇവിടെ എത്തുന്നവരുടെ പ്രധാന വിനോദമാണ്.
നുരഞ്ഞൊഴുകുന്ന വെള്ളത്തിന് നടുവിലുള്ള വഴുക്കുള്ള പാറക്കെട്ടുകളിൽക്കൂടി 200 മീറ്ററോളം ദൂരത്തിൽ സഞ്ചരിക്കാൻ ഇവിടെ കഴിയും.
വള്ളിപ്പടർപ്പുകളാൽ മൂടപ്പെട്ടും വൻ മരത്തിന്റെ വേരുകളാൽ ചുറ്റപ്പെട്ടും കിടക്കുന്ന ഇവിടെ വളരെ സാഹസപ്പെട്ട് മാത്രമേ സഞ്ചരിക്കാനും പാറക്കൂട്ടങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയുകയുള്ളൂ.
വെള്ളത്തിന് സമീപത്തെങ്ങുമില്ലാത്ത തണുപ്പും ഇതിന്റെ പ്രത്യേകതയാണ്. അവധിദിവസങ്ങളിൽ ഉൾപ്പെടെ ഇവിടെ ഒട്ടേറെ പേരാണ് എത്തിച്ചേരുന്നത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പ്രകൃതി പഠനത്തിന്റെ ഭാഗമായും ഇവിടെ എത്തിച്ചേരുന്നുണ്ട്. സമീപപ്രദേശങ്ങളിലൊന്നും വെള്ളച്ചാട്ടമില്ലാത്തത് ഇവിടെ സഞ്ചാരികളുടെ തിരക്കിന് കാരണമാകുന്നുണ്ട്.
വെള്ളച്ചാട്ടം വരെ റോഡ് സൗകര്യമുള്ളതിനാൽ വാഹനങ്ങളിൽ ഇവിടെ എത്തിപ്പെടാനും സൗകര്യമാണ്.
കനത്ത വേനലിൽ ഇവിടെ നീരൊഴുക്ക് പൂർണമായി ഇല്ലാതാകുന്നതിനാൽ മാർച്ച് വരെ മാത്രമേ സന്ദർശകർ ഉണ്ടാകുകയുള്ളൂ.
പാറ്റക്കൽ കക്കട്ടംപാറ റോഡിലെ കലിക്കോട് വെള്ളച്ചാട്ട സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഉരുളിക്കുണ്ടിലേക്കുള്ളത്.
രണ്ടു സ്ഥലങ്ങളിലേക്കും ഏതുതരത്തിലുള്ള വാഹനത്തിനും കടന്നുചെല്ലാൻ കഴിയുമെന്നതും സൗകര്യമാണ്.