ലക്നോ: ഒരു ലിറ്റർ പാൽ 81 കുട്ടികൾക്കായി വിഭജിച്ചു നൽകി ഉത്തർപ്രദേശിലെ ഒരു സ്കൂൾ. സോൻഭദ്ര ജില്ലയിലെ കോട്ടയിലെ സലായ് ബൻവ സർക്കാർ പ്രൈമറി സ്കൂളിൽനിന്നുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഒരു വലിയ അലുമിനിയം പാത്രത്തിൽ വെള്ളം തിളപ്പിച്ചതിനുശേഷം ഒരു ലിറ്ററിന്റെ പാൽക്കവർ പൊട്ടിച്ച് അതിലേക്ക് ഒഴിക്കുകയും അത് ഇളക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളിൽ കാണാം. സ്കൂളിലെ പാചകക്കാരിയാണ് ഇത്തരത്തിൽ വെള്ളത്തിൽ പാൽ ചേർത്ത് കുട്ടികൾക്കു വിതരണം ചെയ്യുന്നത്. ഇവിടുത്തെ ഗ്രാമപഞ്ചായത്ത് മെന്പറാണു വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സ്കൂളിൽ 171 കുട്ടികളാണു പഠിക്കുന്നത്. വീഡിയോ പകർത്തിയ ദിവസം 81 കുട്ടികൾ എത്തിയിരുന്നു. ഇവർക്ക് എല്ലാവർക്കും കൂടിയാണ് ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തി ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. സർക്കാർ ചട്ടങ്ങൾ പ്രകാരം ഉത്തർപ്രദേശിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാലും പുലാവും നിർബന്ധമാണ്.
സംഭവം പുറത്തുവന്നതോടെ സ്കൂളിലെ പ്രധാന അധ്യാപകൻ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. സ്കൂളിൽ ആവശ്യത്തിനു പാലുണ്ടായിരുന്നെന്ന വാദം പാചകക്കാരി ഫൂൽവന്ദി നിഷേധിച്ചു. തനിക്ക് ഒരു പാക്കറ്റ് പാൽ മാത്രമാണു നൽകിയതെന്നും അതുകൊണ്ടാണ് അതിൽ വെള്ളം ചേർത്തതെന്നും അവർ പറഞ്ഞു.
കുട്ടികൾക്കു നൽകുന്ന ഉച്ചഭക്ഷണത്തിൽ കൃത്രിമം കാണിച്ചതു വീഡിയോ സഹിതം പുറത്തുകൊണ്ടുവന്ന പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ കേസെടുത്തതിനു പിന്നാലെയാണു യുപിയിൽ മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്. ചപ്പാത്തി ഉപ്പുകൂട്ടി തിന്ന കുട്ടികളുടെ വീഡിയോയായിരുന്നു അന്നു പുറത്തുവന്നത്.