തളിപ്പറമ്പ്: കുറഞ്ഞ ജല ശുദ്ധീകരണ മാര്‍ഗവുമായി തളിപ്പറമ്പ് കുപ്പത്തെ പി.സി.നസീര്‍. ദീര്‍ഘ നാളത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത ഉപകരണം നിലവില്‍ വിപണിയിലുളള ജല ശുദ്ധീകരണികളെക്കാള് കുറഞ്ഞ വിലയില്‍ കൂടുതല്‍ ആളുകള്‍ക്ക് നല്‍കാനുളള തയാറെടുപ്പിലാണ് നസീര്‍.
പ്രവാസ ജീവിതത്തിനിടയില്‍ താമസ സ്ഥലത്തെ കുടിവെള്ളം മലിനമായപ്പോഴാണ് പരമ്പരാഗമായി നാട്ടില്‍ ഉപയോഗിച്ചുവരുന്ന പ്രകൃതിദത്ത ശുചീകരണ സാമഗ്രികള്‍ ഉപയോഗിച്ച് നസീര്‍ ജലം ശുദ്ധീകരിച്ചത്. ഇതു വലിയ വിജയമായതോടെയാണ് നാട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലും ശുദ്ധീകരണി സ്ഥാപിച്ചത്.
നിലവിലുളള ശുദ്ധീകരണികള്‍ തുടര്‍ച്ചയായി ശുദ്ധജലം ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ നസീറിന്റെ കണ്ടുപിടിത്തം യാതൊരു തടസവുമില്ലാതെ എത്ര ലിറ്റര്‍ വെളളവും ശുദ്ധീകരിക്കും. കൂടാതെ മലിന ജലം സ്വമേധയാ പുറംതളളുകയും ചെയ്യും. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ കണ്ടുപിടിത്തം സ്വന്തം വീട്ടിലും മകളുടെ വീട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയിച്ചതിനു ശേഷമാണ് വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചു നല്‍കിയത്.
മൂന്ന് അറകളുളള പൈപ്പുകളില്‍ തികച്ചും പ്രകൃതി ദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് വെളളം ശുദ്ധീകരിക്കുന്നത്. ഏതൊരാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ക്രമീകരണങ്ങളാണ് നസീര്‍ ഉപയോഗിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ തന്റെ കണ്ടുപിടുത്തം ഉപകാരപ്പെടുത്തുന്നതിനുളള തുടര്‍ പരീക്ഷണങ്ങളിലാണ് താനെന്ന് നസീര്‍ പറഞ്ഞു.