ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാന ആകർഷണം സാഹസിക കായിക സൗകര്യങ്ങളാണ്. പ്രത്യേകിച്ച് വാട്ടർ സ്പോർട്സ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഇനിമുതൽ ഉത്തരാഖണ്ഡിൽ വാട്ടർ സ്പോർട്സ് വിനോദങ്ങൾ പാടില്ല. വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾക്കാണ് വിലക്ക്.
പരിസ്ഥിതിയുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന വിധിയെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിരോധനം നടപ്പിലാക്കാൻ ഭരണകൂടം ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. അപകടകരമായ സാഹസിക വിനോദങ്ങൾക്ക് മികച്ച പരിശീലനം സിദ്ധിച്ചവരുടെ മേൽനോട്ടത്തിൽ മാത്രമേ അനുമതി നല്കാൻ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
ഉത്തരാഖണ്ഡിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത സ്വകാര്യ സാഹസികവിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് ഇത്തരത്തിലൊരു വിധി പ്രസ്താവിക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. വൈറ്റ് റിവർ റാഫ്റ്റിംഗ് ഒരു ഗൗരവതരമായ സ്പോർട്സ് ഇനമാണ്, പാരാഗ്ലൈഡിംഗും സമാനമായ രീതിയിൽ അപകടം നിറഞ്ഞതുതന്നെ. തെഹ്റി ഡാം പോലുള്ള വലിയ തടാകങ്ങളിലെ ജലകായികവിനോദങ്ങൾ അപകടം വരുത്തുന്നവയാണ്. ഇതൊക്കെ നിയമത്തിന്റെ പരിധിയിലാക്കണമെന്നാണ് ഉത്തരവ്.
അനധികൃത വിനോദകേന്ദ്രങ്ങൾക്ക് അനുമതി നല്കുന്ന സർക്കാരിനെ കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. കായികവിനോദങ്ങൾ മാനസികോല്ലാസത്തിനാകണം. മറിച്ച്, ദുരന്തമാകാനിടവരുത്തരുതെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു.
കോടതി ഉത്തരവ് ഉത്തരാഖണ്ഡിലെ ടൂറിസം മേഖലയെ ഹ്രസ്വകാലത്തേക്കെങ്കിലും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് സാഹസികവിനോദസഞ്ചാരപ്രിയരാണ് ദിവസേന ഇവിടെയെത്തുന്നത്.