ചെങ്ങന്നൂർ: ചെങ്ങന്നൂരിലെത്തുന്ന ആയിരക്കണക്കിന് ശബരിമല തീർഥാടകർ ശുദ്ധജലം കിട്ടാതെ വലയും. എല്ലാ ദിവസവും കുടിവെള്ളവിതരണം ഇല്ലാത്തതാണ് കാരണം. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ജലവിതരണം നടത്തുക.
അവലോകനയോഗങ്ങളിൽ തീർഥാടകർക്ക് എല്ലാ ദിവസവും കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും ജല അഥോറിറ്റിയുടെ മുൻ നിലപാടിൽ മാറ്റംവരുത്താൻ അധികൃതർ തയാറാകുന്നില്ല.
കുന്നത്തുമല ഉന്നതതല ജലസംഭരണിയിൽനിന്ന് ചെങ്ങന്നൂർ നഗരസഭയുടെ രണ്ടു ഭാഗങ്ങളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന തരത്തിലാണ് വാൽവ് ക്രമീകരണം നടത്തിയിരിക്കുന്നതെന്നാണ് ജല അഥോറിറ്റി അധികൃതരുടെ വിശദീകരണം.
ടൗൺ ഭാഗത്തേക്ക് വിതരണം നടത്തുന്ന ദിവസം മാത്രമേ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. റെയിൽവേ സ്റ്റേഷനിൽ ജല അഥോറിറ്റി അഞ്ചു പൈപ്പുകളാണ് സജ്ജമാക്കുന്നത്. ടൗൺ, റെയിൽവേ സ്റ്റേഷൻ, ബഥേൽ, തിട്ടമേൽ, നന്ദാവനം, ഐടിഐ ജംഗ്ഷൻ, പുത്തൻവീട്ടിൽപ്പടി, മുണ്ടൻകാവ്, മങ്കുഴിച്ചാൽ ഭാഗങ്ങളിലേക്ക് ഒരു ദിവസവും കിഴക്കേനട, കോടിയാട്ടുകര, മിത്രപ്പുഴ, ശാസ്താംകുളങ്ങര, ആൽത്തറ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസവുമാണ് ജലം വിതരണം ചെയ്യുന്നത്.
ഇങ്ങനെ ഒന്നിടവിട്ട ദിവസങ്ങളിൽ ജലവിതരണത്തിനു വാൽവ് ക്രമീകരിച്ചിരിക്കുന്നതിനാൽ എല്ലാദിവസവും റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കുന്ന പൈപ്പുകളിലൂടെ ജലവിതരണം നടത്താൻ സാധ്യമല്ലെന്നും വർഷങ്ങളായി ഈ രീതിയാണു തുടരുന്നതെന്നുമാണ് ജല അഥോറിറ്റി വിവരാവകാശ നിയമപ്രകാരം അയ്യപ്പ സേവാസമാജം ജില്ലാ അധ്യക്ഷൻ പാണ്ടനാട് രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്.
അതേസമയം, ബദൽ ക്രമീകരണമെന്ന നിലയ്ക്ക് നഗരസഭാ ടാങ്കുകളിൽ ജലവിതരണം നടത്തണമെന്ന് അവലോകനയോഗത്തിൽ ആവശ്യമുയർന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് പറയുന്നു. മുൻ വർഷങ്ങളിലും ആവശ്യത്തിനു കുടിവെള്ളമില്ലാതെ തീർഥാടകർ ജലം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലായിരുന്നു.