കോട്ടയം: മീനച്ചിലാർ- മീനന്തറയാർ-കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരംഭകരുടെ സഹായത്തോടുകൂടി കോട്ടയത്തുനിന്നും മൂന്ന് നദികളുടെയും അനുബന്ധ ജലപാതകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഉൾനാടൻ ബോട്ടിംഗിന് തുടക്കമാകുന്നു.
സതേൺ ബോട്ട്സ് എന്ന പേരിൽ ജലടൂറിസത്തിനും ടൂറിസം സ്പോർട്സിനും ഉപയോഗിക്കാൻ തക്കവണ്ണം വിവിധ തരത്തിലുള്ള ബോട്ടുകളുടെ നിർമാണ കേന്ദ്രം 22നു വൈകുന്നേരം അഞ്ചിന് കോടിമതയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സ്പോർട്ട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യവില്പന മന്ത്രി വി.എൻ. വാസവൻ മുൻ ഡിജിപി ഹോർമീസ് തരകന് നൽകി നിർവഹിക്കും. നദീ സംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ അടുത്തഘട്ടമായി ജലടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കോടിമതയിൽനിന്ന് തിരുവാർപ്പിലെ വെട്ടിക്കാട്ടിലും കുമരകത്തെ പത്തുപങ്കിലും സന്ദർശകരെ എത്തിക്കും. ഈ രണ്ടു കേന്ദ്രങ്ങളിലും വാട്ടർ സ്പോർട്സിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ജലഗതാഗതം വർധിപ്പിച്ച് ജലപാതകളെ നിലനിർത്താനായി മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയിലൂടെ തെളിച്ചെടുത്ത ജലപാതകളെ സംരക്ഷിക്കുന്നതിനാണ് ജലടൂറിസം പദ്ധതി വികസിപ്പിക്കുന്നത്.
പ്രത്യേക സീസണുകളിൽ താഴത്തങ്ങാടിയിലെ മീനച്ചിലാറ്റിലും വാട്ടർ സ്പോർട്സ് പദ്ധതി തയാറാക്കിയിട്ടുണ്ട്. വാട്ടർ സ്കൂട്ടർ ഉൾപ്പെടെയുള്ള ടൂറിസം ബോട്ടുകൾ നിർമിക്കുകയും വാട്ടർ സ്പോർട്സിന് ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സതേൺ ബോട്ടിംഗ് മാനേജിംഗ് ഡയറക്ടർ ബെറ്റി കെ. കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ തുടങ്ങിയർ പങ്കെടുക്കും.