
സ്വന്തം ലേഖകൻ
ചാലക്കുടി: കോവിഡ് കാലത്ത് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനു പിന്നാലെ വാട്ടർ അഥോറിറ്റിയുടെ കഴുത്തറപ്പൻ വാട്ടർ ബിൽ. വാട്ടർ അഥോറിറ്റിയുടെ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾ ഞെട്ടുകയാണ്.
സാധാരണ 100 രൂപയോളം വാട്ടർ ബിൽ അടയ്ക്കുന്നവർക്കാണ് ആയിരങ്ങളുടെ ബിൽ ലഭിക്കുന്നത്. ഗവൺമെന്റ് ആശുപത്രി, ചേന്നത്തുനാട് പ്രദേശത്തുള്ള നിരവധിപേർക്കു വന്പൻ ബില്ലുകളാണ് ലഭിക്കുന്നത്. നൂറുരൂപയുടെ താഴെ ബിൽ അടയ്ക്കുന്ന ഒരു ഉപഭോക്താവിനു ലഭിച്ചത് 6,797 രൂപയുടെ ബിൽ.
ഇതുസംബന്ധിച്ചു പരാതി നൽകിയപ്പോൾ അടുത്ത ബിൽ വീണ്ടും വന്നത് 9,600 രൂപയുടേതായിരുന്നു. വാട്ടർ അഥോറിറ്റിയിൽ പരാതി നൽകിയതിനെ തുടർന്നു അധികൃതർ വന്നു പരിശോധിച്ചപ്പോൾ എയർ തള്ളുന്നതാണ് പ്രശ്നമെന്നു പറഞ്ഞു തലയൂരാനായി ശ്രമം.
എന്നാൽ എയറിന് ഉപഭോക്താവ് പണം കൊടുക്കണമോ എന്ന ചോദ്യത്തിന് എയൽവാൽവ് വയ്ക്കാനാണ് നിർദേശം. ആശുപത്രി, ചേന്നത്തുനാട് റോഡിലെ പൈപ്പു മാറ്റിയതിനെ തുടർന്ന് ഈ ഭാഗത്തു വെള്ളം ശരിയായി ലഭിച്ചിരുന്നില്ല. റോഡ് പണിക്കിടയിൽ വാൽവ് അടഞ്ഞുപോയതായിരുന്നു കാരണം.
പിന്നീട് അതു ശരിയാക്കിയശേഷമാണ് വീടുകളിൽ പൈപ്പുകളിലൂടെ എയർ തള്ളുന്നത്. എയർ തള്ളുന്പോഴും മീറ്റർ പ്രവർത്തിക്കുന്നതാണ് പ്രശ്നം. അധികൃതർക്കു ഉപഭോക്താക്കൾ പരാതി നൽകിയെങ്കിലും നാമമാത്രമായ തുക മാത്രമേ കുറയ്ക്കാൻ തയാറാകുന്നുള്ളൂ.
ഭീമമായ തുക എങ്ങനെ അടയ്ക്കുമെന്നറിയാതെ വലയുകയാണ് ഉപഭോക്താക്കൾ. പണം നിശ്ചിത ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്ന നോട്ടീസും ലഭിച്ചതോടെ കുടിവെള്ളം മുടങ്ങുമെന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ.