തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് 14571 രൂപയുടെ വെള്ളക്കരത്തിന്റെ ബിൽ നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ജല അഥോറിറ്റി പേരൂർക്കട അസിസ്റ്റന്റ് എൻജിനിയർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ശാസ്തമംഗലം സൂര്യഗാർഡൻസിൽ താമസിക്കുന്ന പത്മജ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.
പൈപ്പിൽ ലീക്കുണ്ടെന്ന പേരിലാണ് വൻ തുകയുടെ ബിൽ നൽകിയതെന്ന് പരാതിയിൽ പറയുന്നു.മേലുദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
താൻ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നത് വരെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.
സ്ത്രീയായ തന്നോട് മോശമായി പെരുമാറിയ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.