കോട്ടയം: കച്ചേരിക്കടവ് ബോട്ട് ജെട്ടിയിലെ വാട്ടർഹബ് എന്നു തുറക്കുമെന്ന് നിശ്ചയമില്ല. കോടിമത ബോട്ട് ജെട്ടിക്ക് സമീപത്തെ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് ആറ്റിലേക്ക് വീഴുന്ന നിലയിലും. കച്ചേരിക്കടവിലെ വാട്ടർ ഹബ് പണി പൂർത്തിയായിട്ട് ഒരു വർഷമാകുന്നു. എന്നു തുറക്കുമെന്ന് ആർക്കുമറിയില്ല. ഈ മധ്യവേനൽ അവധിക്ക് തുറക്കുമെന്നും കുട്ടികൾക്ക് ഉല്ലാസത്തിനായി വാട്ടർഹബിലേക്ക് പോകാമെന്നുമായിരുന്നു പ്രതീക്ഷ.
എന്നാൽ ഉടനെയെങ്ങും തുറക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. വാട്ടർ ഹബിലേക്ക് വന്നു ചേരുന്ന മലിനജലം ഈ പദ്ധതിക്ക് വില്ലനായതോടെയാണ് തുറക്കൽ വൈകുന്നത്. ഏറ്റവും ഒടുവിലായി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ രണ്ടു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മാർക്കറ്റിൽ നിന്നുള്ള മലിനജലമാണ് കച്ചേരിക്കടവിൽ എത്തിച്ചേരുന്നത്. ഇത് രണ്ടിടത്തായി സംഭരിച്ച് ശുദ്ധീകരിച്ച് വെള്ളമായി ആറ്റിലേക്ക് തള്ളുന്നതാണ് പദ്ധതി.
അതുപോലെ വാട്ടർ ഹബിലേക്ക് ചെറുബോട്ടുകൾ എത്തിക്കാൻ പദ്ധതിയുണ്ടെങ്കിലും കൊടൂരാറിൽ നിന്ന് കച്ചേരിക്കടവിലേക്ക് ബോട്ട് എത്തിച്ചേരാനുള്ള മാർഗവും അടഞ്ഞു കിടക്കുകയാണ്. കച്ചേരിക്കടവ് മൂതൽ കൊടൂരാർ വരെയുള്ള ഭാഗം ചെളിനിറഞ്ഞ് നികന്നു. ഇവിടെ പുല്ലു പിടിച്ചു കിടപ്പാണ്. ചെളി നീക്കി ബോട്ട് അടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഇത് ഏറെ ശ്രമകരമായ ജോലിയാണ്.
കോടിമത ബോട്ട് ജെട്ടി നവീകരിച്ച് കൊടൂരാറിന്റെ തീരത്ത് നടപ്പാത നിർമിച്ച് മനോഹരമാക്കിയിരുന്നു. നടപ്പാത ടൈൽസ് വിരിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മനോഹരമാക്കിയിരുന്നു. ഇവിടം പൂർണമായി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പലയിടങ്ങളും ആറ്റിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ആറ്റിലേക്ക് വീഴാവുന്ന നിലയിലാണ് നടപ്പാത.
വൈകുന്നേരങ്ങളിൽ കുട്ടികളുമൊത്ത് കുടുംബമായി ഇവിടെ വന്നിരുന്ന് കാറ്റു കൊള്ളുന്ന നിരവധിയാളുകളുണ്ടായിരുന്നു. ഇപ്പോഴത്തെ അപകടാവസ്ഥയിൽ നടപ്പാത ഉപയോഗിക്കാനാവില്ല. കഴിഞ്ഞ തവണയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് നടപ്പാത ഇടിഞ്ഞതെന്നു കരുതുന്നു.