എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: കുപ്പിവെള്ളം 13 രൂപയ്ക്ക് വിൽക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്നലെ ഭക്ഷ്യമന്ത്രി പി തിലോത്തമൻ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വൈ വിജയൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ മന്ത്രിയും കുപ്പിവെള്ള നിർമ്മാതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ തീരുമാനം ഏകപക്ഷീയമായിപ്പോയി. തങ്ങളുടെ അഭിപ്രായം കേൾക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി യോഗം ചേർന്ന് തീരുമാനിക്കും.
റെയിൽവേ ഇപ്പോഴും 15 രൂപയ്ക്കാണ് കുപ്പിവെള്ളം വിൽക്കുന്നത്. ഓൾ ഇന്ത്യാ തലത്തിലാണ് ഇത് വിൽക്കുന്നത്. ഇതു കുറയ്ക്കാൻ സംസ്ഥാന സർക്കാർ എന്ത് ചെയ്യും. അവശ്യസാധനങ്ങളുടെ പട്ടികയിൽ കുപ്പിവെള്ളം ഉൾപ്പെടുത്തി ഓർഡിനൻസ് പുറത്തിറക്കുമെന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.
13 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കാനാണ് നിർമ്മാതാക്കളും മന്ത്രിയും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായത്.
ഇതിനുള്ള ഓർഡിനൻസ് ഉടൻ ഇറക്കാനുള്ള തയ്യാറെടുപ്പ് സർക്കാർ നടത്തുന്നതിനിടെയാണ് എതിർപ്പുമായി വ്യാപാരികൾ രംഗത്ത് എത്തിയിരിക്കുന്നത്.
വിലകുറച്ച് പ്രിന്റ് ചെയ്തുള്ള കുപ്പിവെള്ളം എത്തുന്പോൾ സംഘടന കുട്ടായി ആലോചിച്ച് വിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും വ്യാപാരി വ്യവസായി സംഘടന പറയുന്നു. വ്യാപാരികൾ എതിർപ്പുമായി രംഗത്ത് വന്നതോടെ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടായാലെ കുപ്പിവെള്ളം ഇന്നലത്തെ തീരുമാന പ്രകാരം 13 രൂപയ്ക്ക് എങ്കിലും നമുക്ക് ലഭിക്കു
. കുപ്പിവെള്ളം 12 രൂപയ്ക്ക് വിൽക്കാനുള്ള നേരത്തെയുള്ള തീരുമാനം നടപ്പാകാതെ വന്നതോടെ ഈ വിഷയം വീണ്ടും പൊതുജന മധ്യത്തിലേയ്ക്ക് രാഷ്ട്രദീപിക കൊണ്ടുവരികയായിരുന്നു. കുപ്പിവെള്ളം നിർമ്മിച്ചു വിൽക്കുന്നതടക്കുന്പോൾ ലഭിക്കുന്ന വൻലാഭത്തിന്റെ കണക്കുകൾ രാഷട്രദീപിക തുടർ റിപ്പോർട്ടുകളായി നൽകിയിരുന്നു.
കുപ്പിവെള്ള മാഫിയയുടെ കൊള്ളലാഭം പൊതുജന ശ്രദ്ധയിലേയ്ക്ക് വന്നതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടുകയും കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തതും.